അബൂദബി: പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല വ്യാപിപ്പിക്കുന്നതിന് 4.9 ശതകോടി ദിര്‍ഹമിന്റെ കരാറൊപ്പിട്ട് അഡ്നോക് ഗ്യാസ്. നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി, സി.എ.ടി ഇന്റര്‍നാഷനല്‍ ലിമിറ്റഡ് എന്നിവയുടെ കണ്‍സോർട്യത്തിനും പെട്രോഫാക് എമിറേറ്റ്സിനുമാണ് അഡ്നോക് ഗ്യാസ് കരാര്‍ നല്‍കിയിരിക്കുന്നത്. വടക്കന്‍ എമിറേറ്റുകളിലേക്ക് പ്രകൃതിവാതകം വന്‍തോതില്‍ എത്തിക്കുന്നതിനായി നിലവിലുള്ള പൈപ്പ്ലൈന് ശൃംഖല 3200 കിലോമീറ്ററില്‍നിന്ന് 3500 കിലോമീറ്ററായാണ് വര്‍ധിപ്പിക്കുന്നത്.
യു.എ.ഇയിലെ സുസ്ഥിര വാതകവിതരണത്തിന്റെ കൂടുതല്‍ വളര്‍ച്ചക്ക് പൈപ്പ്ലൈന് ശൃംഖലയുടെ വ്യാപനം അഡ്നോക് ഗ്യാസിനെ സഹായിക്കും. കുറഞ്ഞ ചെലവില്‍ ശുദ്ധമായ വാതകം യു.എ.ഇയില്‍ കൂടുതല്‍ ഇടങ്ങളില്‍ എത്തിക്കാന്‍ വിതരണശൃംഖല വ്യാപനം സഹായിക്കുമെന്ന് അഡ്നോക് ഗ്യാസ് സി.ഇ.ഒ അഹമ്മദ് മുഹമ്മദ് അലേബ്രി പറഞ്ഞു. അഡ്നോക് ഗ്യാസിന്റെ 2022ലെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനവുണ്ടായെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഉയര്‍ന്ന വില്പനയും വിലയുമാണ് ഈ നേട്ടത്തിന് സഹായിച്ചത്.
അഡ്നോക് ഗ്യാസിന്റെ അഞ്ചു ശതമാനം ഓഹരി വിറ്റഴിച്ചതിലൂടെ 2.5 ശതകോടി ഡോളറും സമാഹരിച്ചിരുന്നു. 2021ല്‍ 6.6 ശതകോടി ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2022ല്‍ ഇത് 8.7 ശതകോടി ഡോളറായി വര്‍ധിക്കുകയായിരുന്നു. അഡ്നോക് ഗ്യാസ് പ്രോസസിങ്, അഡ്നോക് എൽ.എൻ.ജി, അഡ്നോക് ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് എന്നിവ ചേര്‍ന്നാണ് അഡ്നോക് ഗ്യാസ് ആയി പ്രവര്‍ത്തനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.