അബൂദബി: ഓണ്‍ലൈനിലെ വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതിനായി തയാറാക്കിയ തട്ടിപ്പ് ലിങ്കുകള്‍ അയച്ചുനല്‍കി ഇതില്‍ ക്ലിക്ക് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളാണ് അയച്ചുനല്കുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സാമ്പത്തികമോ അല്ലെങ്കില്‍ വ്യക്തിപരമോ ആയ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈനില്‍ ഇത്തരത്തില്‍ വിവിധ തട്ടിപ്പുകള്‍ നടന്നുവരുന്നതെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.
ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്തേക്കാമെന്നും പൊലീസ് പറഞ്ഞു.
ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ പൊതുജനം അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതുണ്ട്. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ ഈ വിവരം അധികൃതരെ അറിയിക്കണം. ഔദ്യോഗിക വെബ്സൈറ്റുകളുടെ മാതൃകയില്‍ വെബ്സൈറ്റ് ലിങ്കുകള്‍ അയച്ചുനല്‍കി പണം തട്ടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് തട്ടിപ്പുകാര്‍ സ്വീകരിച്ചുവരുന്നത്.
ഇലക്ട്രോണിക് ലിങ്കുകളുടെ ആധികാരികത ഉറപ്പുവരുത്തുക, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ സൂക്ഷിക്കുകയും ഇവയുടെ പാസ് വേഡുകളും മറ്റും അജ്ഞാത വെബ്സൈറ്റുകളില്‍ നല്‍കാതിരിക്കുകയും ചെയ്യുക, വിശ്വസനീയമായ വെബ്സൈറ്റുകളിലൂടെ മാത്രം പേമെന്റുകള്‍ ചെയ്യുക, സര്‍ക്കാര്‍ അംഗീകരിച്ചതോ അല്ലെങ്കില്‍ ആപ് സ്റ്റോറുകളില്‍ ഉള്ളതോ ആയ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക, കാര്‍ഡ് വിശദാംശങ്ങളോ പാസ് വേഡുകളോ എ.ടി.എം സെക്യൂരിറ്റി കോഡുകളോ കൈമാറാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പൊലീസ് പങ്കുവെച്ചു.
തട്ടിപ്പ് ശ്രമങ്ങൾ 8002626 എന്ന അമൻ സർവിസ് നമ്പരിൽ വിളിച്ചോ 2828 നമ്പരിൽ എസ്.എം.എസ് അയച്ചോ aman@adpolice.gov.ae എന്ന മെയിലിലോ അബൂദബി പൊലീസ് സ്മാർട് ആപ്പ് ഉപയോഗിച്ചോ അറിയിക്കണമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.