അബൂദബി: അത്യാധുനിക പൊലീസ് വാഹനം നിരത്തിലിറക്കാന്‍ യു.എ.ഇ. മൊബൈല്‍ പൊലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തില്‍ ഡ്രോണുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാനുള്ള ശേഷിയുമുണ്ടാവും. തദ്ദേശീയമായി നിര്‍മിക്കുന്ന ഈ മൊബൈല്‍ പൊലീസ് സ്റ്റേഷന് 2027ഓടെയാവും നിരത്തിലിറങ്ങുക. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റ്സുഗി ഹോള്‍ഡിങ്ങിന്റെ ഉപ കമ്പനിയായ ഇനറോണും ടാക്റ്റിക്കല്‍ മൊബിലിറ്റിയുമാണ് വാഹനം നിര്‍മിക്കുന്നത്. അബൂദബി പൊലീസിന്റെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കനുസൃതമായിട്ടാണ് വാഹനത്തിലെ സൗകര്യങ്ങള്‍ സജ്ജീകരിക്കുക.
അബൂദബിയിൽ നടന്നുവരുന്ന ‘മേക്ക് ഇറ്റ് ഇന്‍ ദ എമിറേറ്റ്സ്’ എക്സിബിഷനിലാണ് മൊബൈല്‍ പൊലീസ് സ്റ്റേഷന് വാഹനം പ്രദര്‍ശിപ്പിച്ചത്. ഒറ്റ ചാര്‍ജില്‍ 900 കിലോമീറ്റര്‍ ഈ വാഹനത്തിന് സഞ്ചരിക്കാന്‍ കഴിയുമെന്ന് എനറോണ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍ വലീദ് അൽ ബലൂശി പറഞ്ഞു. ഡ്രൈവറും കമാന്‍ഡ് ഓഫിസറുമാണ് വാഹനത്തിലുണ്ടാവുക. കമാന്‍ഡ് ഓഫിസര്‍ക്കാണ് ഡ്രോണുകള്‍ വിന്യസിക്കേണ്ടതിന്റെയും മറ്റും ചുമതല.
2027നും 2028നും ഇടയിലായി മൊബൈല്‍ പൊലീസ് സ്റ്റേഷന് പ്രവര്‍ത്തനസജ്ജമാവുമെന്നും അൽ ബലൂശി വ്യക്തമാക്കി. ഓഫ് റോഡില്‍ വാഹനം സ്വയം പ്രവര്‍ത്തിക്കും. വിദൂരത്തിരുന്ന് കാറിനെ നിയന്ത്രിക്കാനാവും. 360 ഡിഗ്രി കാഴ്ച ഉറപ്പുവരുത്തുന്ന നിരവധി കാമറകള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.