അബൂദബി: ലോകത്ത് ആദ്യമായി ശിശു വളര്‍ച്ചാ സൂചിക പ്രഖ്യാപിച്ച് അബൂദബി ഏര്‍ളി ചൈല്‍ഡ്ഹുഡ് അതോറിറ്റി (ഇ.സി.എ). ശിശുക്ഷേമത്തിന്റെ കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സമഗ്രമായ സൂചിക രൂപകൽപന ചെയ്ത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
കുട്ടികളുടെ ക്ഷേമം ഒരൊറ്റ അളവുകോല്‍ വെച്ച് മാത്രമല്ല കണക്കാക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഏകീകൃത ചട്ടക്കൂടിന് രൂപം നല്‍കും. ഇതിനായി സര്‍ക്കാറിന്റെ സുപ്രധാന ഏജന്‍സികളുമായും ഇ.സി.എ സഹകരിക്കും. കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഡേറ്റാധിഷ്ഠിത ഉള്‍ക്കാഴ്ചകളുടെ പരിവര്‍ത്തന ശക്തി ഉയര്‍ത്തിക്കാട്ടുന്ന ആഗോളവിദഗ്ധര്‍ ഒത്തുചേര്‍ന്ന മൂന്നാമത് അബൂദബി ചൈല്‍ഡ് ഡേറ്റാ സിമ്പോസിയത്തില്‍ വെച്ചായിരുന്നു പ്രഖ്യാപനം.
ഏർളി ചൈല്‍ഡ് ഗുഡ് അതോറിറ്റി സംഘടിപ്പിച്ച സിമ്പോസിയത്തില്‍ കുടുംബ മന്ത്രിയും ഇ.സി.എ ഡയറക്ടര്‍ ജനറലുമായ സന ബിന്ത് മുഹമ്മദ് സുഹൈല്‍, അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവും ഗവണ്മെന്റ് എനേബിള്‍മെന്റ് വകുപ്പ് ചെയര്‍മാനുമായ അഹമ്മദ് തമീം അല്‍ ഖുത്തബ്, അബൂദബി സാമൂഹിക പിന്തുണ അതോറിറ്റിക്കു കീഴിലെ ബെനഫിഷറി അഫയേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖാസിം അല്‍ ഹാഷിമി, യുനിസെഫിലെ ഡേറ്റാ സ്ട്രാറ്റജി ആന്‍ഡ് ഗവേണന്‍സ് മേധാവി ഡോ. ഫ്രഡറിക് ഷൂര്‍, ഗാലപ് പ്രിന്‍സിപ്പല്‍ ഇക്കോണമിസ്റ്റ് ഡോ. ജൊനാഥന് റോത് വെല്‍, ഡിലോയിറ്റ് ന്യൂസിലന്‍ഡ് കസാന്‍ഡ്ര ഫവാജര് തുടങ്ങി ആഗോളതലത്തില്‍ നിന്നും പ്രാദേശിക തലത്തില്‍ നിന്നുമുള്ള വിദഗ്ധര്‍ സിമ്പോസിയത്തില്‍ സംസാരിച്ചു.
ഈ ഗണത്തിലുള്ള ലോകത്തിലെ ആദ്യ കുട്ടികളുടെ വളര്‍ച്ചാ സൂചികയാണ് ഇതെന്നും നമ്മുടെ കുട്ടികള്‍ വളരുന്നുണ്ടെന്ന് പദ്ധതിയിലൂടെ ഉറപ്പുവരുത്തുമെന്നും ഇ.സി.എ ഡയറക്ടര്‍ ജനറല്‍ സന ബിന്ത് മുഹമ്മദ് സുഹൈല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.