ഹംദാൻ അൽ അബ്രി
എല്ലാ കാലഘട്ടങ്ങളിലും നല്ല സംഗീതങ്ങളുണ്ടാകും, അവയിൽ ഹൃദയത്തിൽ മുഴങ്ങിക്കേൾക്കുന്നവ ജനം കയ്യടിയോടെ സ്വീകരിക്കും, വീണ്ടുമൊരു ഗാനത്തിനായി കാതോർത്തിരിക്കും. അത്തരത്തിൽ ഇന്ന് ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന ആത്മാവിൽനിന്നുതിരുന്ന സംഗീതമാണ് ഇമാറാത്തി ഗായകൻ ഹംദാൻ അൽ അബ്രിയുടേത്.
2005ൽ അബ്രിയും ജൂലിയൻ സൈംസും ചേർന്ന് തുടങ്ങിയ സോൾ ബാൻഡ് അബ്രിയിലൂടെയാണ് ഹംദാൻ ആൽ അബ്രി യു.എ.ഇയിലെ സംഗീതത്തിന്റെ വലിയ ലോകത്തേക്ക് ചുവടുവെക്കുന്നത്. 2007ൽ 12 ട്രാക്കുകളടങ്ങുന്ന സൺചൈൽഡ് എന്ന ആൽബം പുറത്തിറക്കിയതോടെ സോൾ ബാൻഡ് പ്രേക്ഷകർക്കിടയിൽ പ്രസിദ്ധിയാർജ്ജിക്കാൻ തുടങ്ങി. അന്നുമുതൽ സോൾ ബാൻഡിനെ തന്റെ ആത്മാവായിതന്നെ കരുതുകയാണ് ഈ 37കാരൻ.
മൈക്കൽ ജാക്സന്റെ ഓഫ് ദ വാൾ ആൽബം കേട്ടതുമുതലാണ് അബ്രി സംഗീതത്തെ പ്രണയിക്കാൻ തുടങ്ങിയത്. അന്ന് അബ്രിക്ക് വെറും 15 വയസ്സ് മാത്രം പ്രായം. യു.എ.ഇയിലുടനീളമുള്ള തത്സമയ വേദികളിലും പ്രാദേശിക റേഡിയോ സ്റ്റേഷനുകളിലും സോളോ ബാൻഡിന്റെ പാട്ടുകൾ മുഴങ്ങിക്കേട്ടതോടെ യു.എ.ഇയുടെ സംഗീത ലോകത്ത് തരങ്കം സൃഷ്ടിക്കാൻ അബ്രിക്ക് സാധിച്ചു. പിന്നീട് എം.ടി.വി അറേബ്യയുടെ ഏറ്റവും മികച്ച ആക്ടിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും നിരവധി പ്രാദേശിക അവാർഡുകൾ നേടുകയും ചെയ്ത അബ്രി 2009ൽ ബാൻഡിന്റെ രണ്ടാമത്തെ ആൽബം 'ബ്ലാങ്ക് നോട്ട്സ്' പുറത്തിറക്കി. പിന്നീട് സൺചൈൽഡിന്റെ ആറ് ട്രാക്കുകൾ റീമേക്ക് ചെയ്തു.
ആൽബത്തിന് ആകെ 12 ട്രാക്കുകൾ ഉണ്ടായിരുന്നു. 2009ൽ തന്നെ, ബാൻഡിലെ അംഗങ്ങളായ ജൂലിയൻ സൈംസും ഡ്രമ്മർ ആൻഡ്രെ ആർതെർലിയും സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ ബാൻഡിൽ നിന്നെടുത്ത ഇടവേളയിലാണ് അബ്രി തന്റെ സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. 2011ൽ അഞ്ച് ട്രാക്കുകൾ അടങ്ങിയ സോളോ പ്രകടനം സംഗീത മേഖലയിൽ നിന്ന് അബ്രിക്ക് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു.
പത്ത് വർഷത്തോളം നീണ്ട നിരവധി സംഗീത വിസ്മയങ്ങൾക്ക് ശേഷം അടുത്തിടെ അബൂദബിയിലും അബ്രി പാടിത്തകർത്തു. മാർച്ച് 26ന് അബൂദബി യാസ് എൈലൻഡിലെ ഡബ്ല്യുയിൽ നടന്ന എർത്ത് അവർ ആഘോഷത്തിൽ അബ്രി പരിപാടി അവതരിപ്പിച്ചിരുന്നു.
ഭൂമിക്ക് വേണ്ടിയുള്ള ഇത്തരം പരിപാടികളെ താൻ പ്രോത്സാഹിപ്പിക്കും എന്നതാണ് അബ്രിയുടെ നയം. കാന്യേ വെസ്റ്റ്, മിക്ക, ജോസ് സ്റ്റോൺ, സിഗ്ഗി മാർലി എന്നിവരുൾപ്പെടെ അന്തർദേശീയ കലാകാരന്മാർക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട് അബ്രി. തന്റെ ശബ്ദം കൊണ്ട് ആരാധകരെ കീഴടക്കിയൊരു തത്സമയ പ്രകടനത്തിനിടെ ചൈൽഡിഷ് ഗാംബിനോയുടെ ഫീൽസ് ലൈക്ക് സമ്മറിന് വേണ്ടി ഹംദാൻ പാടിയ കവർ ഗാനവും ജനശ്രദ്ധയാകർഷിച്ചിരുന്നു.
സാൻസിബാരി സംഗീതജ്ഞനായ മുക്രിം അൽ അബ്രിയുടെയും ഉഗാണ്ടൻ, കൊമോറിയൻ, ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ള ഡോക്ടറായ ഫാത്മ മത്താർ താജിറിന്റെയും മകനായി ജനിച്ച ഹംദാന്റെ ചെറുപ്പം മുതൽ സംഗീതം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വലിയ സ്വപ്നങ്ങൾ കാണുക എന്നും ആ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുതെന്നും കഠിനാധ്വാനത്തോടും ക്ഷമയോടും കൂടി അവ നേടിയെടുക്കാൻ കഴിയുമെന്നുമാണ് അബ്രിയുടെ വിശ്വാസവും അനുഭവവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.