ദുബൈ: ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി 70 അബ്രകളെ അണിനിരത്തിയുള്ള അബ്ര പരേഡിന് ചൊവ്വാഴ്ച ദുബൈ ക്രീക്ക് വേദിയാകും. പരമ്പരാഗത രീതിയിൽ മരത്തിൽ നിർമിച്ച അബ്രകൾ ദുബൈ ജലഗതാഗത രംഗത്ത് അവിസ്മരണീയമായ ഓർമകൾ സമ്മാനിക്കുന്നതാണ്. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) സന്ദർശകർക്ക് ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന അബ്ര പരേഡ് സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച ദുബൈ ക്രീക്കിലെ അൽ സബ്ക് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിൽനിന്നായിരിക്കും അബ്ര പരേഡ് പുറപ്പെടുക. യു.എ.ഇയുടെ ദേശീയ പതാകകൾ ഘടിപ്പിച്ച അബ്രകളുടെ പരേഡ്, സന്ദർശകർക്ക് ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ആർ.ടി.എ ഒരുക്കിയിട്ടുണ്ട്.
കൂടാതെ തിങ്കളാഴ്ച ഇത്തിസലാത്ത് ബൈ ഇ ആൻഡ് മെട്രോ സ്റ്റേഷനിൽ എത്തുന്ന സന്ദർശകർക്ക് യു.എ.ഇയുടെ പതാകകൾ വിതരണം ചെയ്യും. അതോടൊപ്പം യു.എ.ഇയുടെ ഭരണാധികാരികളെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ച ബിൽബോർഡുകളിൽ പ്രദർശിപ്പിക്കും. വാട്ടർ കനാനിലെ വെള്ളച്ചാട്ടം യു.എ.ഇയുടെ പതാകകളിലെ നിറങ്ങൾകൊണ്ട് പ്രകാശപൂരിതമാക്കും.
ഈദുൽ ഇത്തിഹാദ് തീം ഡിസൈനുകൾ സ്മാർട്ട് ട്രാഫിക് ബോർഡുകളിലും മെട്രോ, ട്രാം സ്ക്രീനുകളിലും പ്രദർശിപ്പിക്കും. സന്നദ്ധ സംഘടനയായ ഫർജാനുമായി സഹകരിച്ച ആർ.ടി.എ ജുമൈറയിലും അൽ ഖവാനീജിലും പരിസര പ്രദേശങ്ങളിലും നവംബർ 27 മുതൽ ഡിസംബർ നാലുവരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇമാറാത്തി പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്നതായിരിക്കും പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.