അഡിഹെക്സിൽ നടന്ന സലൂഖി സൗന്ദര്യ മത്സരത്തിൽനിന്ന്

അഡിഹെക്‌സിന് പ്രൗഢമായ സമാപനം

അബൂദബി: വേട്ടയാടല്‍, കുതിരയോട്ടം, പരമ്പരാഗത കായിക വിനോദങ്ങള്‍ തുടങ്ങിയവയുടെ ആഗോള മേളയായ അഡിഹെക്സ് -2025 (അബൂദബി ഇന്‍റര്‍നാഷനല്‍ ഹണ്ടിങ് ആൻഡ്​ ഇക്വിസ്ട്രിയന്‍ എക്‌സിബിഷന്‍) സമാപിച്ചു. അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ സെപ്റ്റംബര്‍ ഒന്ന്​ മുതല്‍ നടന്നുവന്ന മേള, അബൂദബിയുടെ സാംസ്‌കാരിക പൈതൃകവും ആധുനികതയും സമന്വയിപ്പിക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നതായിരുന്നു.

ഇമാറാത്തിന്‍റെ വേട്ടയാടല്‍ പൈതൃകത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു മേള. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാന്‍റെ പരമ്പരാഗത വിനോദങ്ങളോടുള്ള താല്‍പര്യം മേളയുടെ ഓരോ കോണിലും പ്രതിഫലിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രദര്‍ശകര്‍ തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചു.

വേട്ടയാടല്‍ ഉപകരണങ്ങള്‍, വാള്‍, കുതിരയോട്ടത്തിനുള്ള സാധനങ്ങള്‍, ഫാല്‍ക്കണ്‍ പക്ഷികള്‍, ഫാല്‍ക്കണ്‍ പരിശീലന ഉപകരണങ്ങള്‍, വിനോദയാത്രകള്‍ക്കുള്ള വാഹനങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കള്‍, തോക്കുകൾ, അപൂർവ കത്തികൾ എന്നിവയുടെ പ്രദർശനം ശ്രദ്ധയാകർഷിക്കുന്നതായി.

ഫാല്‍ക്കണ്‍ പക്ഷികളുടെ ലേലം മേളയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. ഫാല്‍ക്കണ്‍ ലേലത്തില്‍ 1.668 ദശലക്ഷം ദിര്‍ഹമിന്‍റെ ഫാല്‍ക്കണുകള്‍ വിറ്റുപോയി. ആറ് ലേലങ്ങളിലായി 41 ഫാല്‍ക്കണുകളെയാണ് വിറ്റഴിച്ചത്. വേഗമേറിയതും മിടുക്കരുമായ ഈ പക്ഷികളെ സ്വന്തമാക്കാന്‍ വന്‍ തുക മുടക്കി നിരവധി പേർ രംഗത്തുണ്ടായിരുന്നു. ഫാല്‍ക്കണ്‍ വേട്ടക്കാരുടെ തലമുറകളായി കൈമാറിവന്ന അറിവുകളും വിദ്യകളും സന്ദർശകർക്ക്​ പുത്തൻ അനുഭവം സമ്മാനിച്ചു.

ജി.വൈ.ആര്‍ ഫാല്‍ക്കണ്‍ ഏഴ് ഇമാറാത്തി ഇനങ്ങളടക്കം 25 പക്ഷികളെ വിറ്റഴിച്ചു. സാഖ്ര്‍, ഗ്രീന്‍ പെരെഗ്രിന്‍ എന്നിവക്ക് ഏകദേശം 5,000 ദിര്‍ഹം വരെയാണ് വില. എന്നാല്‍ വടക്കേ അമേരിക്കയില്‍ നിന്നും യു.കെയില്‍ നിന്നുമുള്ള അപൂര്‍വയിനം അള്‍ട്രാ വൈറ്റ് ഫാല്‍ക്കണുകള്‍ക്ക് 10 ലക്ഷം ദിര്‍ഹമിലധികം വിലയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഫാല്‍ക്കണ്‍ ഫാമുകളുടെ പങ്കാളിത്തം നാല് മടങ്ങാണ് വര്‍ധിച്ചത്. കെ.എച്ച് ഫാല്‍ക്കണ്‍സ്, അല്‍സാറമി ഫാല്‍ക്കണ്‍, എ.ഡി ഫാല്‍ക്കണ്‍സ് തുടങ്ങിയ പ്രമുഖ യു.എ.ഇ. ഫാമുകള്‍ തങ്ങളുടെ മികച്ച പക്ഷികളെ പ്രദര്‍ശനത്തിനെത്തിച്ചു.

കുതിരകളുടെ സൗന്ദര്യവും കരുത്തും പ്രകടമാക്കുന്ന കുതിരയോട്ട മത്സരങ്ങളും മേളയില്‍ അരങ്ങേറി. അറബ് കുതിരകളുടെ വംശശുദ്ധിയും അവയുടെ പ്രാധാന്യവും ഈ മത്സരങ്ങളിലൂടെ മനസ്സിലാക്കാന്‍ അഡിഹെക്‌സ് അവസരമായി. അറേബ്യന്‍ സലൂഖി സെന്‍റര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സലൂഖി സൗന്ദര്യ മല്‍സരം, സൗന്ദര്യവും വേഗതയും ബുദ്ധിയുമെല്ലാം ഒത്തുചേര്‍ന്ന ഒരുത്സവമായിരുന്നു.

5,000 വര്‍ഷത്തിലേറെയായി ബദൂവിയന്‍ ജനതയുടെ വിശ്വസ്ത കൂട്ടാളിയാണ് സലൂഖി. യു.എ.ഇയിലെ മികച്ച സലൂഖി ഉടമകള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു. യു.എ.ഇയുടെ തനതായ പാരമ്പര്യ കലാരൂപങ്ങള്‍, സംഗീതം, നൃത്തം എന്നിവയുടെ അവതരണങ്ങളും, പരമ്പരാഗത ആയുധ നിർമാണം, ഫാല്‍ക്കണ്‍ പരിശീലനം എന്നിവയെക്കുറിച്ചുള്ള ശിൽപശാലകളും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവങ്ങളായി.

Tags:    
News Summary - A proud conclusion for Adihex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.