ഷാർജ വായനോത്സവത്തിൽ കുട്ടികൾക്കായി നടന്ന ശിൽപശാല
ഷാർജ: ഭീഷണിയെയും കളിയാക്കലുകളെയും ചെറുത്തുനിൽക്കാൻ പഠിക്കുന്നിടത്ത് സമൂഹത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാൻ ഒരു കുട്ടി പ്രാപ്തനാകുന്നു. കളിയാക്കലുകളിൽ തളർന്നുപോയേക്കാവുന്ന കുരുന്നുകൾക്ക് കരുത്തിന്‍റെ പുതിയ പാഠം ചൊല്ലിക്കൊടുക്കുകയാണ് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവം.
സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്‍റെ ഭാഗമായ ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്മെന്‍റിന്‍റെ ആഭിമുഖ്യത്തിലാണ് സ്കൂളുകളിലും മറ്റു ഇടങ്ങളിലും കുട്ടികൾ നേരിടുന്ന ഭീഷണികളെയും ഭയപ്പെടുത്തലുകളെയും കുറിച്ച് ബോധവത്കരണം നടത്തിയത്.
കുട്ടികളുമായി നേരിട്ട് സംവാദം നടന്നു. സാമൂഹിക പ്രവർത്തക തകിയ യഹ്‌യ അഹമ്മദിന്‍റെ നേതൃത്വത്തിൽ മൂന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ശിൽപശാലകൾ സംഘടിപ്പിക്കുന്നത് ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ് ചിൽഡ്രന്‍റെ സഹകരണത്തോടെയാണ്. കുട്ടികൾ നേരിടുന്ന ഭീഷണിപ്പെടുത്തലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവം നടത്തിയ ശിൽപശാലയിലൂടെ ലക്ഷ്യമിട്ടത്.
കുട്ടികളുടെ ശരീരികവും മാനസികാവുമായ ക്ഷേമവും കുട്ടികളിൽനിന്നും മറ്റും ഉണ്ടാകാവുന്ന ദ്രോഹങ്ങളെയും ഭീഷണികളെയും ചെറുക്കാനും ശിൽപശാലയിലൂടെ കുട്ടികളെ പ്രാപ്തരക്കുകയാണ് ലക്ഷ്യം.
ഇത്തരം സാഹചര്യങ്ങളിൽ ഉചിതമായ രീതിയിൽ പ്രതികരിക്കാനും മികച്ച സമീപനം ഉറപ്പാക്കാനും ശിൽപശാലയിലൂടെ പ്രോത്സാഹനം നൽകി. ഇതുമായി ബന്ധപ്പെട്ട് മൂന്നു ശിൽപശാലകൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.