ജീവനക്കാരുടെ താമസസൗകര്യം മെച്ചപ്പെടുത്തിയില്ളെങ്കില്‍ ഏപ്രില്‍ മുതല്‍ കനത്ത പിഴ

അബൂദബി: ജീവനക്കാരുടെ താമസ സൗകര്യം മെച്ചപ്പെടുത്തിയില്ളെങ്കില്‍ കമ്പനികള്‍ ഏപ്രില്‍ മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരുമെന്ന് അബൂദബി നഗരസഭ മുന്നറിയിപ്പ് നല്‍കി. 
ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍  കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ട താമസസൗകര്യം നല്‍കേണ്ടതുണ്ടെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. മുസഫ വ്യവസായ മേഖലയിലെ കമ്പനികളാണ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ താമസിക്കുന്നവ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ മൂല്യനിര്‍ണയം നടത്താനുള്ള അപേക്ഷാ ഫോമുകള്‍ മുസഫയിലെ കെട്ടിട ഉടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകര്‍ക്കും ഏപ്രില്‍ ആറ് വരെ മുസഫ നഗരസഭ കേന്ദ്രത്തില്‍ ലഭിക്കും. പാരിസ്ഥിതിക, ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണിത്. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ നിശ്ചിത അവധിക്കകം അറ്റകുറ്റപ്പണി നടത്താനും ശുചീകരിക്കാനും ഉടമകളോട് ആവശ്യപ്പെടും. അതിന് ശേഷവും കെട്ടിടങ്ങള്‍ ശോച്യാവസ്ഥയില്‍ തുടര്‍ന്നാല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ വിധിക്കും. 
തൊഴിലാളികള്‍ക്ക് താമസിക്കാന്‍ മോശം സൗകര്യങ്ങള്‍ ഒരുക്കുകയുംനിശ്ചിത പരിധിയില്‍ കൂടുതല്‍ തൊഴിലാളികളെ ഒരു മുറിയില്‍ താമസിപ്പിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ നഗരസഭ ശിക്ഷ വിധിച്ചിരുന്നു. 
2016 ഡിസംബറില്‍ ഇത്തരത്തിലുള്ള 14 നിയമലംഘനങ്ങളിലായി 325,000 ദിര്‍ഹം പിഴയാണ് കമ്പനികളില്‍നിന്ന് ഈടാക്കിയത്. ചെറിയ മുറികളില്‍ രണ്ടും മൂന്നും തട്ടുകളിലായി തൊഴിലാളികള്‍ തിങ്ങിഞെരുങ്ങി കഴിയുന്നതിന്‍െറ ഫോട്ടോകള്‍ അബൂദബി, ബനിയാസ്, വത്ബ, ശംക എന്നിവിടങ്ങളില്‍നിന്ന് നഗരസഭ പുറത്ത് വിടുകയും ചെയ്തിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും കുപ്പികളുമൊക്കെ തൊഴിലാളികളുടെ കിടക്കകള്‍ക്ക് സമീപം വെച്ചതായും ഈ ചിത്രങ്ങളില്‍ വ്യക്തമായിരുന്നു.
തൊഴിലാളികള്‍ക്ക് മോശം താമസ സൗകര്യം നല്‍കിയതിന്‍െറ പേരില്‍ 2016 ഒക്ടോബറില്‍ എട്ട് കമ്പനികള്‍ക്കും പിഴ വിധിച്ചിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.