ദുബൈ: പുതിയ തലമുറയിലെ ഗാനരചയിതാക്കള്‍ക്ക് സാഹിത്യബോധം കുറവാണെന്ന് ;പമുഖ ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.
ആദ്യകാലത്തെ സംഗീത സംവിധായകന്‍ നല്ല ഗായകരുമായിരുന്നെന്ന് തന്‍െറ ഗാനരചനയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഷാര്‍ജയില്‍ നടക്കുന്ന ‘ചന്ദ്രകാന്തം’ സംഗീത പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എം.എസ്.ബാബുരാജ്, ദേവരാജന്‍,കെ.രാഘവന്‍, എം.ബി.ശ്രീനിവാസന്‍ എന്നിവരെല്ലാം നല്ല ഗായകരായിരുന്നു. ഇന്നത്തേതില്‍ ഗായകര്‍ കുറവാണ്. കുടുതലും കീബോര്‍ഡ് വായിക്കുന്നവരാണ്. അവര്‍ സംഗീതം സൃഷ്ടിക്കുന്നു. അതിനനുസരിച്ച് വരികളെഴുതുന്നു എന്നതാണ് പുതിയ രീതി. അത് തെറ്റൊന്നുമല്ല.
പുതിയ സംഗീത സംവിധായകര്‍ കൂടുതലും ഇംഗ്ളീഷ് മീഡിയത്തില്‍ പഠിച്ചവരാണ്. മലയാള ഭാഷയോ കവിതയോ അവര്‍ക്ക് അറിയണമെന്നില്ല. വരികളുടെ അര്‍ഥം അവര്‍ നോക്കുന്നില്ല. ട്യൂണില്‍ വാക്കുകള്‍ ഫിറ്റാകുന്നുണ്ടോ എന്നു മാത്രമേ അവര്‍ക്ക് അറിയേണ്ടതുള്ളൂ.
സാഹിത്യവുമായി സിനിമ ബന്ധപ്പെട്ട കാലഘട്ടത്തിലാണ് നല്ല ഗാനങ്ങള്‍ ഉണ്ടായത്. കാലത്തെ അതിജീവിക്കുന്നവയായിരുന്നു അക്കാലത്തെ മിക്ക ഗാനങ്ങളും. അതിന് കാരണം അന്ന് സാഹിത്യവും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നതാണ്. നല്ല സാഹിത്യകൃതികളായിരുന്നു അന്ന് സിനിമയായത്. ഗാനങ്ങളെഴുതിയവര്‍ നല്ല കവികളുമായിരുന്നു. 48 വര്‍ഷം മുമ്പെഴുതിയ തന്‍െറ ഹിറ്റ് ഗാനങ്ങള്‍ ഇപ്പോഴും ആളുകള്‍ ആസ്വദിക്കുന്നു. 38 സംഗീത സംവിധായകര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും ഗാനമെഴുതുന്നു. പുതിയ തലമുറ ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക് പിറകിലാണെങ്കിലും മത്സരത്തിലും മറ്റും പാടുന്നത് പഴയ ഗാനങ്ങളാണ്.
പണ്ട് കഥക്ക് പറ്റിയ നായകനെ കണ്ടത്തെുകയായിരുന്നു. ഇപ്പോള്‍ നായക നടനുവേണ്ടിയാണ് കഥയുണ്ടാക്കുന്നത്. അതോടെ കഥാനായികക്ക് പ്രാധാന്യവും കുറഞ്ഞു. സാഹിത്യ പ്രധാനമായ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യമുണ്ടായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അച്ഛന്‍,അമ്മ കഥാപാത്രങ്ങള്‍ പോലുമില്ല.
തന്‍െറ തലമുറയിലെ സിനിമാ പ്രവര്‍ത്തകര്‍ പണത്തിനു പിന്നാലെ ഓടിയവരല്ല. പുതിയ തലമുറ അങ്ങനെയല്ല. അവരുടെ ആത്യന്തിക ലക്ഷ്യം പണമാണ്. നിര്‍മാതാവിന് ഇപ്പോള്‍ യാതൊരു റോളുമില്ല. പണം നല്‍കുന്ന വ്യക്തി എന്ന സ്ഥാനം മാത്രമേയുള്ളൂ. എന്തെങ്കിലൂം പറയാന്‍ അവകാശമുള്ളത് നായക നടന് മാത്രമാണ്. അത് കേട്ടില്ളെങ്കില്‍ പടം നടക്കില്ല എന്ന അവസ്ഥയാണ്. യുവ താരങ്ങള്‍ വരെ ഇക്കൂട്ടത്തിലാണ്. സിനിമയിലും ഗാനങ്ങളിലും മാത്രമല്ല രാഷ്ട്രീയം ഉള്‍പ്പെടെ എല്ലാ മേഖലയിലും അപചയമുണ്ടായിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ താന്‍ സജീവമാകുന്നത് പുതിയ തലമുറയുമായി സംവദിക്കാനാണെന്ന് ശ്രീകുമാരന്‍ തമ്പി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സ്വയം തിരുത്താന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.