മയക്കുമരുന്ന് വിരുദ്ധ നിയമ ഭേദഗതി:  23 പേരുടെ ശിക്ഷയില്‍ ഇളവ്

അബൂദബി: 19 മയക്കുമരുന്ന് കേസുകളിലായി ജയിലില്‍ കഴിയുന്ന 23 പ്രതികളുടെ ശിക്ഷ ലഘൂകരിച്ചു. ചിലരുടെ ജയില്‍ശിക്ഷ കാലാവധിയില്‍ കുറവ് വരുത്തിയപ്പോള്‍ മറ്റു ചിലരുടേത് പിഴ മാത്രമാക്കി. മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ച് കൊണ്ടുള്ള നിയമ പരിഷ്കാരത്തിന്‍െറ വെളിച്ചത്തിലാണിത്. 
ശിക്ഷ ലഘൂകരിക്കപ്പെട്ടവരില്‍ കൂടുതലും സ്വദേശികളാണ്. നാല് വര്‍ഷം തടിവിന് വിധിക്കപ്പെട്ട രണ്ട് സഹോദരര്‍ ഉള്‍പ്പെടെ നാലുപേരുടെ ശിക്ഷ രണ്ട് വര്‍ഷം തടവായി ദുബൈ ക്രിമിനല്‍ കോടതി കുറച്ചു. മറ്റു 19 പേര്‍ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി പകരം 10,000 ദിര്‍ഹം പിഴ വിധിച്ചു. പിഴ ഒടുക്കുന്നതോടെ ഈ 19 പേരെയും മോചിപ്പിക്കും.
തടവ് ശിക്ഷ രണ്ട് വര്‍ഷമായി കുറച്ചവരില്‍ ഒരാള്‍ ഉടന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങും. ഇയാള്‍ രണ്ട് വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കിയതിനാലാണിത്. മറ്റു മൂന്നുപേര്‍ക്ക് ഏതാനും മാസം കൂടി കഴിഞ്ഞാലേ പുറത്തിറങ്ങാന്‍ സാധിക്കൂ. 
ശിക്ഷയനുഭവിക്കുന്ന 23 പേരും സ്വന്തം ആവശ്യത്തിന് ലഹരി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവരാണ്. 
2016 ഒക്ടോബറിലാണ് മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ച് കൊണ്ടുള്ള നിയമപരിഷ്കാരം പ്രാബല്യത്തിലായത്. 
മയക്കുമരുന്ന് ഉപയോഗത്തിന് നാല് വര്‍ഷം തടവ് ശിക്ഷയായി വിധിക്കുന്ന 1995ലെ നിയമത്തില്‍ മാറ്റംവരുത്തിയാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടത്. ഇതു പ്രകാരം ശിക്ഷ രണ്ട് വര്‍ഷമാക്കിയാണ് കുറച്ചത്. കൂടാതെ, മയക്കുമരുന്ന് ഉപയോഗത്തിന്  ആദ്യമായി പിടിക്കപ്പെടുന്നവരെ ജയിലിലയക്കാതെ അവരില്‍നിന്ന് പിഴ ഈടാക്കുകയോ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത്  പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനുള്ള ഇളവും നിയമം അനുശാസിക്കുന്നു. 
10,000 ദിര്‍ഹമായിരിക്കും ഇവര്‍ക്കുള്ള പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ പിഴയും 10,000 ദിര്‍ഹമാണ്. കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗത്തെ നിയമ പരിഷ്കാരം വഴി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 
മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ അയാളുടെ കുടുംബം പുനരധിവാസ കേന്ദ്രത്തിലത്തെിലോ പൊലീസ്, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുടെ അടുത്തോ എത്തിച്ചാല്‍ ഒരു വിധ ശിക്ഷയും വിധിക്കാതെ ചികിത്സ ലഭ്യമാക്കും. പുനരധിവാസ കേന്ദ്രത്തില്‍ കഴിയേണ്ട കുറഞ്ഞ കാലയളവ് മൂന്ന് വര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമായി കുറക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.