ബെര്‍ലിന്‍ ട്രാന്‍സ്പോര്‍ട്ട് ഫെയറില്‍ ദുബൈ പദ്ധതികള്‍ അണിനിരത്തി ആര്‍.ടി.എ

ദുബൈ: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന ബെര്‍ലിന്‍ ട്രാന്‍സ്പോര്‍ട്ട് ഫെയറില്‍ (ഇന്നോട്രാന്‍സ് 2016) ദുബൈയുടെ വിവിധ പദ്ധതികള്‍ അണിനിരത്തി ആര്‍.ടി.എ പവലിയന്‍ ശ്രദ്ധ നേടി. 60 രാജ്യങ്ങളില്‍ നിന്ന് 3000ഓളം സ്ഥാപനങ്ങള്‍ പങ്കെടുത്ത ഫെയറില്‍ ദുബൈ മെട്രോയുടെ ‘റൂട്ട് 2020’യും ഗതാഗത മേഖലയിലെ സ്മാര്‍ട്ട് സേവനങ്ങളുമാണ് ആര്‍.ടി.എ പ്രധാനമായും അവതരിപ്പിച്ചത്. ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ ഫെയറിന്‍െറ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജര്‍മനിയിലെ യു.എ.ഇ അംബാസഡര്‍ അലി അബ്ദുല്ല അല്‍ അഹ്മദും സന്നിഹിതനായിരുന്നു. 
റെയില്‍ ഗതാഗതത്തിന്‍െറ ആധുനികവത്കരണത്തെക്കുറിച്ചായിരുന്നു ഫെയറില്‍ നടന്ന മുഖ്യ ചര്‍ച്ചകള്‍. പൊതുഗതാഗതം ശക്തമാക്കാന്‍ ഡിജിറ്റല്‍ ടെക്നോളജിയും സ്മാര്‍ട്ട് സംവിധാനങ്ങളും കൂടുതലായി ഏര്‍പ്പെടുത്തേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. പൊതുഗതാഗത യാത്രികര്‍ക്ക് സൗജന്യ വൈഫൈ, റെയില്‍ അറ്റകുറ്റപണിക്കായി സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ എന്നിവയും വേണമെന്ന ആവശ്യമുയര്‍ന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സ്റ്റേഷനുകളിലും ട്രെയിനുകളിലും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. യൂറോപ്പിലാകെ യാത്ര ചെയ്യാന്‍ ഒറ്റ ട്രെയിന്‍ ടിക്കറ്റ് വേണം. സ്മാര്‍ട്ട് ഫോണിലൂടെ ടിക്കറ്റ് എടുക്കാന്‍ സൗകര്യം ഒരുക്കണം. 
റെയില്‍ രംഗത്ത് പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ വേണമെന്നും അഭിപ്രായം ഉയര്‍ന്നു.  റെയില്‍വേ മേഖലയില്‍ ദുബൈ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ആര്‍.ടി.എ പവലിയനില്‍ പ്രദര്‍ശിപ്പിച്ചു. ദുബൈ മെട്രോ എക്സ്പോ 2020 വേദിയിലേക്ക് നീട്ടാനുള്ള റൂട്ട് 2020, എല്ലാ ഗതാഗത സേവനങ്ങളും ഒറ്റ സ്മാര്‍ട്ട് ഫോണ്‍ ആപ്പില്‍ ലഭ്യമാക്കാനും പണം നല്‍കാനുമുള്ള പദ്ധതി എന്നിവ ഫെയറില്‍ പങ്കെടുത്തവരുടെ ശ്രദ്ധയാകര്‍ഷിച്ചു. മറ്റ് രാജ്യങ്ങളുടെ പവലിയനുകളില്‍ ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.