ഫുജൈറ: ഫുജൈറ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ് എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കോട്ടകള്‍, ഗോപുരങ്ങള്‍, ബിദിയയിലെ പള്ളി എന്നിവ. ഫുജൈറ, ബിത്ന, സിക്കംക്കം, ഒൗഹല എന്നീ സ്ഥലങ്ങളിലാണ് ഇവിടത്തെ പ്രധാന കോട്ടകളുള്ളത്. ഏകദേശം 250 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഈ കോട്ടകള്‍ അന്നത്തെ നാട്ടു പ്രമാണിമാരുടെ താമസ സ്ഥലവും കടല്‍ മാര്‍ഗ്ഗവും മറ്റും കടന്നുവരുന്ന ശത്രുക്കളെ നിരീക്ഷിക്കുവാനും പ്രതിരോധിക്കുവാനുമുള്ള കേന്ദ്രങ്ങളും കൂടിയായിരുന്നു. കല്ല്, ചരല്‍, കളിമണ്ണ് , പുല്ല്, ഈന്തപ്പന ഓല, ജിപ്സം എന്നിവ ഉപയോഗിച്ചാണ് ഇത്തരം കോട്ടകള്‍ നിരിമിച്ചിട്ടുള്ളത്. ഈ പൈതൃകത്തിന്‍െറ സംരക്ഷണത്തിനും നവീകരണത്തിനും ഫുജൈറ പുരാവസ്തു പൈതൃക വകുപ്പ് വന്‍ പ്രാധാന്യമാണ് നല്‍കി വരുന്നത്.
ഫുജൈറ കോട്ട, ബിദിയ പള്ളി എന്നിവ സഞ്ചാരികള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും അല്‍ ഹൈല്‍ കോട്ട അധിക പേരുടെയും ശ്രദ്ധയില്‍ പെടാറില്ല. ഫുജൈറയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറു മാറി അല്‍ ഹൈല്‍ എന്ന ഗ്രാമത്തിലാണ് ഈ കോട്ടയുള്ളത്. താഴ്വര നിരത്തില്‍ നിന്ന് ഏകദേശം 40 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഈ കോട്ട 1830 ല്‍ നിര്‍മിക്കപെട്ടതാണ്. ഗ്രാമത്തിന്‍െറ നാലു ഭാഗത്തേക്കും വീക്ഷിക്കാവുന്ന രീതിയില്‍ രണ്ടു നിലയോടു കൂടിയ ഈ കോട്ടക്ക് വളരെ തന്ത്രപരമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. ഇതിനോടു ചേര്‍ന്ന് ശൈഖ് അബ്ദുല്ല ബിന്‍ ഹംദാന്‍ അല്‍ ശര്‍ഖി പണി കഴിപ്പിച്ച കിടപ്പു മുറി, അടുക്കള, സ്റ്റോര്‍ റൂം, നമസ്കാര മുറി എന്നിവയോടു കൂടിയ ഒരു വലിയ വീടും തലയുയര്‍ത്തി നില്‍ക്കുന്നു. തൊട്ടടുത്ത് തന്നെ ഗ്രാമ വാസികള്‍ക്ക് പ്രാര്‍ഥിക്കാന്‍ പള്ളിയുമുണ്ട്.മലകളാലും താഴ്വരകളാലും ഈന്തപ്പന തോട്ടങ്ങളാലും ചുറ്റപെട്ടു നില്‍ക്കുന്ന അല്‍ ഹൈല്‍ കോട്ട സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുന്നത്.
കോട്ടയിലേക്കുള്ള യാത്ര തന്നെ പുതിയ കാഴ്ചകള്‍ക്ക് നടുവിലൂടെയാണ്. ഫുജൈറ നഗരത്തില്‍ നിന്ന് അഞ്ചു കി.മീറ്റര്‍ കഴിഞ്ഞാല്‍ നാട്ടിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരനുഭൂതിയാണ് അനുഭവപ്പെടുക. റോഡിനോടു ചേര്‍ന്നുള്ള വീടുകളും പെട്ടികട പോലത്തെ ഗ്രോസറിയും കടന്നുള്ള യാത്ര കുറച്ചു സമയത്തേക്ക് നമ്മെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും.പിന്നീട് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയാല്‍ ഇടതു ഭാഗത്ത് കൂറ്റന്‍ മലകളും വലതു ഭാഗത്ത് കുറ്റിച്ചെടികളും തോട്ടങ്ങളും പിന്നെ നാട്ടിലേതു പോലത്തെ വൈദ്യുതി പോസ്റ്റുകളും വളവും തിരിവും കയറ്റവുമുള്ള ഒറ്റവരി പാത, ചെന്നത്തെുന്നത് ഒരു അണക്കെട്ടിലേക്ക്. അടുത്തിടെയായി പെയ്ത മഴയില്‍ ചെറിയ തോതില്‍ വെള്ളമുള്ള ഡാമിലെക്ക് മുകളില്‍ നിന്നുള്ള കാഴ്ച ഒന്നുവേറെതന്നെയാണ്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം കൂടിയുണ്ട് കോട്ടയിലേക്ക്. ഡാമില്‍ നിന്നിറങ്ങി മുന്നോട്ടു പോകുമ്പോള്‍ മലയുടെ ഓരത്തുകൂടി ചെറിയ കയറ്റത്തോട് കൂടിയ റോഡ്. ഇവിടെ നിന്ന് താഴെക്കുള്ള കൃഷി തോട്ടങ്ങളിലെക്കും ഈന്തപ്പന തോട്ടങ്ങളിലെക്കുമുള്ള കാഴ്ച കാമറകളില്‍ എത്ര പകര്‍ത്തിയാലും മതിവരില്ല. ഇവിടെ നിന്ന് അര കിലോമീറ്റര്‍ ദൂരം കൂടി കഴിഞ്ഞാല്‍ അല്‍ ഹൈല്‍ കോട്ടയിലത്തെും. കോട്ടയുടെ സൂക്ഷിപ്പുകാരായ ബംഗ്ളാദേശ് സ്വദേശികള്‍ കോട്ടയെ കുറിച്ചും അതിന്‍െറ ചരിത്രത്തെ കുറിച്ചും വിശദീകരിച്ചു തരും.
തെരുവു വിളക്കില്ലാത്തതും വീതി കുറഞ്ഞുതുമായ റോഡായതിനാല്‍ സൂര്യാസ്തമയതോട് കൂടി അവിടെ നിന്ന് തിരിച്ചു പോരാവുന്ന രീതിയില്‍ യാത്ര ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും.
കോട്ടയിലേക്കുള്ള വഴി
ദുബൈയില്‍ നിന്ന് വരുന്നവര്‍ ഫുജൈറ സിറ്റി സെന്‍ററിനു തൊട്ടുമുമ്പുള്ള സിഗനലില്‍ നിന്ന് വലത്തോട്ടുള്ള റോഡിലൂടെയാണ് പോകേണ്ടത്. ഇവിടെ നിന്ന് പത്തു കിലോമീറ്റര്‍ ദൂരമാണ് കോട്ടയിലേക്ക്്.ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം കഴിഞ്ഞാല്‍ പിന്നീടുള്ള യാത്ര തികച്ചും വ്യത്യസ്തമായ കാഴ്ചകളിലുടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.