വ്യാപാര മേഖലയില്‍ കൂടുതല്‍  കരുത്തോടെ ദുബൈ 

ദുബൈ: അന്തര്‍ദേശീയ വ്യാപാര രംഗത്ത് ദുബൈ കൂടുതല്‍ കരുത്താര്‍ജിച്ച് ഉയരങ്ങളിലേക്ക്. കഴിഞ്ഞവര്‍ഷം ദുബൈയുടെ എണ്ണയിതര വിദേശ വ്യാപാരം 1.28 ട്രില്യണ്‍ ദിര്‍ഹം കടന്നതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു. സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണവും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്വീകരിച്ച നയങ്ങളുമാണ് കുതിപ്പിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
79600 കോടി ദിര്‍ഹമിന്‍െറ ഇറക്കുമതിയും 13200 കോടി ദിര്‍ഹമിന്‍െറ കയറ്റുമതിയുമാണ് കഴിഞ്ഞവര്‍ഷം ദുബൈയില്‍ നടന്നത്. 35500 കോടി ദിര്‍ഹമിന്‍െറ പുനര്‍കയറ്റുമതിയും നടന്നു. ദുബൈയുടെ വ്യാപാര രംഗം രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വിവര സാങ്കേതികവിദ്യാ രംഗത്ത് അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും വന്‍ ശക്തിയായി ദുബൈ വളര്‍ന്നുകഴിഞ്ഞു. പൂര്‍ണമായും സ്മാര്‍ട്ട് സിറ്റിയായി മാറാനുള്ള തയാറെടുപ്പിലുമാണ്. ലോകതലത്തില്‍ വ്യാപാര മാന്ദ്യം രേഖപ്പെടുത്തിയപ്പോഴും മൊബൈല്‍ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും വിപണന രംഗത്ത് വന്‍ വളര്‍ച്ചാണ് ദുബൈയില്‍ അനുഭവപ്പെട്ടത്. ടെലിഫോണുകളാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടത്. 18500 കോടി ദിര്‍ഹമിന്‍െറ ടെലിഫോണ്‍ വില്‍പന നടന്നു. സ്മാര്‍ട്ട് ഫോണുകള്‍, മൊബൈല്‍ ഫോണുകള്‍, ലാന്‍ഡ് ഫോണുകള്‍ എന്നിവയുടെ മൊത്തമായുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ ആറാം സ്ഥാനം കമ്പ്യൂട്ടറുകള്‍ക്കാണ്. 4600 കോടി ദിര്‍ഹമിന്‍െറ കമ്പ്യൂട്ടറുകളുടെ വില്‍പന നടന്നു. 
സ്വര്‍ണ, രത്ന വ്യാപാര രംഗത്ത് ദുബൈ മേധാവിത്വം നിലനിര്‍ത്തി. 11700 കോടി ദിര്‍ഹമിന്‍െറ സ്വര്‍ണവും 9400 കോടി ദിര്‍ഹമിന്‍െറ രത്നവും 6500 കോടി ദിര്‍ഹമിന്‍െറ മറ്റ് ആഭരണങ്ങളും വില്‍ക്കപ്പെട്ടു. 6800 കോടി ദിര്‍ഹമിന്‍െറ വാഹന വില്‍പനയും നടന്നു. 850 ലക്ഷം ടണ്‍ ഉല്‍പന്നങ്ങളുടെ വ്യാപാരം കഴിഞ്ഞവര്‍ഷം നടന്നു. 2014ല്‍ 810 ലക്ഷം ടണ്ണായിരുന്നു. 80214 കോടി ദിര്‍ഹമിന്‍െറ നേരിട്ടുള്ള വിദേശ വ്യാപാരം നടന്നു. ഫ്രീസോണുകള്‍, കസ്റ്റംസ് വെയര്‍ഹൗസുകള്‍ എന്നിവ മുഖേന യഥാക്രമം 44723 കോടി ദിര്‍ഹം, 3316 കോടി ദിര്‍ഹം എന്നിങ്ങനെയായിരുന്നു വ്യാപാരം. വ്യോമ മാര്‍ഗം 57100 കോടി ദിര്‍ഹമിന്‍െറയും കടല്‍ മാര്‍ഗം 50100 കോടി ദിര്‍ഹമിന്‍െറയും കരമാര്‍ഗം 21000 കോടി ദിര്‍ഹമിന്‍െറയും വ്യാപാരമാണ് നടന്നത്. ചൈനയാണ് ദുബൈയുടെ പ്രധാന വ്യാപാര പങ്കാളി. 17600 കോടി ദിര്‍ഹമിന്‍െറ വ്യാപാരമാണ് ചൈനയുമായി നടന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുമായി 9600 കോടി ദിര്‍ഹമിന്‍െറയും മൂന്നാം സ്ഥാനത്തുള്ള അമേരിക്കയുമായി 8200 കോടി ദിര്‍ഹമിന്‍െറയും വ്യാപാരം നടന്നു. സൗദി അറേബ്യ, ജര്‍മനി എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.