അമേരിക്കയും യു.എ.ഇയും തമ്മില്‍ തന്ത്രപ്രധാന ബന്ധമെന്ന് മുഹമ്മദ് ബിന്‍ സായിദ്  

അബൂദബി: യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡനുമായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതും രണ്ട് രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുന്നതും അടക്കം വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യമന്‍, സിറിയ എന്നിവിടങ്ങളിലെ ആഭ്യന്തര യുദ്ധങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും ഭീകരതക്കെതിരായ പോരാട്ടവും സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. അമേരിക്കയും യു.എ.ഇയും തമ്മിലുള്ളത് തന്ത്രപ്രധാന ബന്ധമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു.  സുസ്ഥിരവും സുരക്ഷിതവുമായ അറബ് ലോകം എന്നതാണ് യു.എ.ഇയുടെ കാഴ്ചപ്പാട്. അറബ് മേഖലയെ ഭീഷണിപ്പെടുത്തുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതിന് സംയുക്ത പ്രവര്‍ത്തനം വേണം. നല്ല ഭാവിക്കായി ശുഭാപ്തി വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കും. അടുത്തിടെ സിറിയയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ സമാധാനത്തിനുള്ള ശ്രമങ്ങളുടെ തുടക്കമാണെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യമനിലെ വിഷയങ്ങളും ജോ ബൈഡനുമായി ചര്‍ച്ച ചെയ്തു.  അറബ് മേഖലയില്‍ സ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് യു.എ.ഇ നടത്തുന്ന പ്രയത്നങ്ങളെ ജോ ബൈഡന്‍ അഭിനന്ദിച്ചു. സുതാര്യവും വ്യക്തവുമായ നയമാണ് യു.എ.ഇക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി  ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ്, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി തുടങ്ങിയവരും യു.എ.ഇയുടെയും അമേരിക്കയുടെയും അംബാസഡര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.