അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഇ-രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും ഇ-രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഇതിനായി അടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 
ഈയിടെ കൊണ്ടുവന്ന ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി ഉപയോഗപ്പെടുത്താന്‍ നേരത്തെ യാത്രക്കാരോട് ഇ-രജിസ്ട്രേഷന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇതാണ് സീസണിലെ തിരക്ക് പരിഗണിച്ച് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 
ഈ വര്‍ഷം മാര്‍ച്ചിലാണ് ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി തുടങ്ങിയത്. ഇതു വഴി വിമാനത്താവളത്തിലെ യാത്രാനടപടിക്രമങ്ങളുടെ സമയം 70 ശതമാനം കുറക്കാനും നീണ്ട വരി ഒഴിവാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. വേനലവധിക്ക് സ്കൂള്‍ പൂട്ടിയതോടെ ഈയാഴ്ച 85,000 യാത്രക്കാരെയാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈദുല്‍ ഫിത്വ്ര്‍ അവധി പ്രമാണിച്ചും ഇത്രയും യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ട്. 
ഇ-രജിസ്ട്രേഷന് വേണ്ടി ചെക് ഇന്‍ ഏരിയകളിലെ കൗണ്ടറുകളിലെല്ലാം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
 ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതിക്ക് പുറമെ വേനല്‍ സീസണില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായനശാലകള്‍, മൂണ്‍ലൈറ്റ് ചെക് ഇന്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. സ്കൂള്‍-പെരുന്നാള്‍ അവധി പ്രമാണിച്ച് അബൂദബി വിമാനത്താവളത്തില്‍ മാത്രമല്ല, യു.എ.ഇയിലെ മിക്ക വിമാനത്താവളങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്ന് വരെ 900,000 യാത്രക്കാര്‍ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ജൂലൈ ഏഴ് മുതല്‍ പത്ത് വരെയും ഇത്രയും യാത്രക്കാരെ വിമാനത്താവളം അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. 
കൂടുതല്‍ യാത്രക്കാരത്തെുന്നതില്‍ ഏറെ സന്തുഷ്ടരാണെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്കായി സൗകര്യങ്ങള്‍ വിപുലീകരിച്ചതായും അവര്‍ അറിയിച്ചു.

ഇ-രജിസ്ട്രേഷന്‍ എന്ത്, എങ്ങനെ?
യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങളും ജൈവ വിവരങ്ങളും ഇലക്¤്രടാണിക് സംവിധാനം വഴി ശേഖരിച്ചു വെക്കുന്നതാണ് ഇ-രജിസ്ട്രേഷന്‍. ഒരിക്കല്‍ മാത്രമേ യാത്രക്കാരന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണ്ടതുള്ളു. 20 സെക്കന്‍ഡ് കൊണ്ട് സൗജന്യമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. 
ഒരിക്കല്‍ ഇ-രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ പിന്നീട് രാജ്യം വിടുമ്പോഴും യാത്ര കഴിഞ്ഞ് അബൂദബിയിലേക്ക് തിരിച്ചുവരുമ്പോഴും ഇ ഗേറ്റുകളില്‍ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്താല്‍ മാത്രം മതിയാകും. കണ്ണ്പരിശോധനയടക്കം ജൈവവിരങ്ങള്‍ സ്മാര്‍ട്ട് ഗേറ്റ് രേഖപ്പെടുത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.