അബൂദബി: മുഴുത്ത ഈത്തപ്പഴങ്ങളുടെ നിറവും മണവും, കൂടകളില്‍ അലങ്കരിച്ച പഴങ്ങളുടെ വര്‍ണപ്പൊലിമ, ഈത്തപ്പനയോലകളിലും തടികളിലുമുള്ള കരകൗശലത്തിന്‍െറ കൗതുകം, ഇവയൊക്കെ അറിയാനും അനുഭവിക്കാനുമത്തെിയ പുരുഷാരത്തിന്‍െറ ആരവം -ഇതെല്ലാം ചേര്‍ന്ന് അല്‍ ഗാര്‍ബിയ ആമോദത്തിലാണ്. മരുപ്പച്ചകളുടെ നീരുറവകളൊഴുകുന്ന ഈ നഗരം ഒമ്പത് ദിവസം കൂടി ലിവ ഈത്തപ്പഴ ഉത്സവത്തിന്‍െറ ആഘോഷപ്പൊലിമയില്‍ കുളിര്‍ത്തുനില്‍ക്കും.
യു.എ.ഇയിലെ പ്രശസ്ത ഈത്തപ്പഴ ഇനങ്ങളായ ദബാസ്, ഖലാസ്, കുനൈസി, ഫാര്‍ത്, ബൂമാന്‍ എന്നിവയൊക്കെ ഉത്സവത്തിലേക്ക് അണിഞ്ഞൊരുങ്ങി എത്തിയിട്ടുണ്ട്. പ്രദര്‍ശിപ്പിക്കപ്പെടാനും വില്‍ക്കപ്പെടാനും മാത്രമായിട്ടല്ല ഈ അണിഞ്ഞൊരുക്കം. മത്സരിച്ച് സൗന്ദര്യപ്പട്ടം നേടാന്‍ കൂടിയാണ്. വിവിധ ഇനങ്ങള്‍ തമ്മിലാണ് സൗന്ദര്യ മത്സരം നടക്കുന്നത്. വിവിധ തരം ഇനങ്ങള്‍ നിറച്ച് അലങ്കരിക്കുന്ന പഴക്കൂടകള്‍ തമ്മിലും മത്സരമുണ്ട്. കൂടുതല്‍ പഴങ്ങള്‍ നിറഞ്ഞുലഞ്ഞ ഈത്തപ്പഴക്കുലകള്‍ക്കുമുണ്ട് സമ്മാനം. 2000 ദിര്‍ഹം മുതല്‍ 50000 ദിര്‍ഹം വരെയാണ് ഏറ്റവും കനമുള്ള ആദ്യ അഞ്ച് ഈത്തപ്പഴക്കുലകള്‍ക്ക് സമ്മാനമായി ലഭിക്കുക.
എല്ലാ ദിവസവും മത്സരങ്ങളുണ്ടാവും. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഒരു ദിവസത്തെ മത്സരത്തിന്‍െറ ഫലപ്രഖ്യാപനം പിറ്റേന്ന് വൈകുന്നേരമാണ് നടത്തുക. ഈത്തപ്പഴത്തിന്‍െറ വലിപ്പം, നിറം, കനം, രുചി, കീടനാശിനിമുക്തം തുടങ്ങിയവയാണ് വിജയിയെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. മത്സരത്തിന് സമര്‍പ്പിക്കപ്പെട്ട ഈത്തപ്പഴക്കുലകള്‍ ഒന്നിനൊന്ന് മെച്ചമായതിനാല്‍ ഈ വര്‍ഷത്തെ വിധിനിര്‍ണയം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് വിധികര്‍ത്താക്കളില്‍ ഒരാളായ എന്‍ജിനീയര്‍ ഖലീഫ മക്തൂം ആല്‍ മസ്റൂയ് പറഞ്ഞു.
ആദ്യ ദിവസം 20 കര്‍ഷകര്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ 15 പേര്‍ സമര്‍പ്പിച്ച ഈത്തപ്പഴക്കുലകളില്‍ 70 മുതല്‍ 75 കിലോഗ്രാം വരെ പഴങ്ങളുണ്ടായിരുന്നു. ഇത്തവണ രാജ്യത്തെ മുന്നൂറോളം കര്‍ഷകര്‍ മത്സരങ്ങളില്‍ പങ്കാളികളാകുമെന്നാണ് കരുതുന്നത്. ഈത്തപ്പഴങ്ങള്‍ക്ക് പുറമെ മികച്ച മാങ്ങകള്‍, ചെറുനാരങ്ങകള്‍ എന്നിവക്കും സമ്മാനമുണ്ട്. എല്ലാ പഴങ്ങളും യു.എ.ഇയില്‍ വിളഞ്ഞതായിരിക്കണമെന്ന നിബന്ധനയുണ്ട്.
ഈത്തപ്പഴങ്ങളിലും ഈത്തപ്പനകളിലും വിദഗ്ധരായ മുപ്പത്തിയഞ്ചോളം പ്രദര്‍ശകരാണ് ആഘോഷത്തില്‍ അണിനിരക്കുന്നത്. അബൂദബി കര്‍ഷക സേവന കേന്ദ്രവും (എ.ഡി.എഫ്.എസ്.സി) ഇക്കൂട്ടത്തിലുണ്ട്.
ഈത്തപ്പന കര്‍ഷകര്‍ക്ക് നവീന സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവും ആവശ്യമായ നിര്‍ദേശങ്ങളും കേന്ദ്രത്തില്‍ ലഭ്യമാണ്. യു.എ.ഇയുടെ കാലവസ്ഥക്കും മണ്ണിനും അനുസൃതമായ കൃഷിരീതികള്‍, ഈത്തപ്പനകളുടെ ഗുണമേന്മ കാത്തുസൂക്ഷിക്കുന്നതിന് മണ്ണില്‍ ചേര്‍ക്കേണ്ട പോഷക ഘടകങ്ങള്‍, ഈത്തപ്പഴ ഉല്‍പാദനവും അവയുടെ ഗുണവും വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ എന്നിവ വിവിധ പരിപാടികളിലൂടെയും പദ്ധതികളിലുടെയും എ.ഡി.എഫ്.എസ്.സി പരിചയപ്പെടുത്തുന്നതായി സി.ഇ.ഒ നാസര്‍ ആല്‍ ജുനൈബി അറിയിച്ചു. ചെഞ്ചെള്ളുകളില്‍നിന്നും മറ്റു കീടങ്ങളില്‍നിന്നും ഈത്തപ്പനകളെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം, ജലസേചനത്തിന് വെള്ളം മിതമായി ഉപയോഗിക്കുന്നതിന് ബോധവത്കരണം എന്നിവയും കേന്ദ്രം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
അബൂദബിയിലെ 67 ലക്ഷം ഈത്തപ്പനകളില്‍നിന്ന് 2013 ജനുവരിക്കും 2016 ജൂണിനും ഇടയില്‍ 50 ലക്ഷം ചെഞ്ചെള്ളുകളെ എ.ഡി.എഫ്.എസ്.സി അധികൃതരുടെ മേല്‍നോട്ടത്തില്‍ നീക്കം ചെയ്തിട്ടുണ്ട്.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാധികാരത്തില്‍ അബൂദബി സാംസ്കാരിക പരിപാടി-പരമ്പരാഗത ഉത്സവ കമ്മിറ്റിയാണ് ലിവ ഈത്തപ്പഴ ഉത്സവം സംഘടിപ്പിക്കുന്നത്. യു.എ.ഇയില്‍ വിളവെടുത്ത ഏറ്റവും പുതിയ ഈത്തപ്പഴങ്ങളുടെ ഉത്സവമാണിത്.
യു.എ.ഇ പാരമ്പര്യമുള്‍ക്കൊള്ളുന്ന ഉത്സവം എന്നതിനൊപ്പം അബൂദബി എമിറേറ്റിന്‍െറ വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണ കൂടിയാണിത്.
20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഒരുക്കിയ ഉത്സവപ്പറമ്പില്‍ 70,000 പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
കുട്ടികള്‍ക്കുള്ള കളിസ്ഥലം , കലാ ശില്‍പശാല, വിദ്യാഭ്യാസ ശില്‍പശാല എന്നിവയും ഉത്സവനഗരിയിലുണ്ട്. ദിവസേന വൈകുന്നേരം നാല് മുതല്‍ പത്ത് വരെയാണ് ലിവ ഈത്തപ്പഴ ഉത്സവപ്പറമ്പ് സജീവമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.