അബൂദബി: വന്‍തോതില്‍ വംശനാശ ഭീഷണി നേരിടുന്ന ആമകളുടെ ആവാസ കേന്ദ്രമായി ബൂതിന കടലോരം പരിസ്ഥിതി സ്നേഹികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ലോകത്ത് ആകെയുള്ള ഏഴിനം കടലാമകളില്‍ രണ്ട് ഇനം ബൂതിന കടല്‍ത്തിട്ടയില്‍ സസുഖം ജീവിക്കുന്നു. ഹോക്സ്ബില്‍ ആമ (ശാസ്ത്രീയനാമം: എരറ്റ്മോകീലിസ്), പച്ച ആമ(ശാസ്ത്രീയനാമം: കെളോനിയ മിഡാസ്) എന്നീ ഇനങ്ങളാണ് ബൂ തിനയുടെ മടിത്തട്ടില്‍ കഴിയുന്നത്. ഇതില്‍ ഹോക്സ്ബില്‍ ആണ് ഗുരുതരമായ വംശനാശ ഭിഷണി നേരിടുന്നത്.
പ്രസിദ്ധമായ സമുദ്ര ജൈവമണ്ഡല സംരക്ഷണ മേഖലയായ മര്‍വയുടെ ഭാഗമാണ് ബൂതിന കടല്‍ത്തിട്ട. അബൂദബി പരിസ്ഥിതി ഏജന്‍സി 2000 മുതല്‍ ബൂതിന കടല്‍ത്തിട്ട സംരക്ഷിച്ചുപോരുന്നുണ്ട്.
മത്സ്യബന്ധനത്തിനും മറ്റു മാനുഷിക ഇടപെടലുകള്‍ക്കും ഇവിടെ കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അബൂദബി നഗരത്തിന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള ബൂതിന ദ്വീപിലേക്ക് കടലോര പട്ടണങ്ങളായ അല്‍ മിര്‍ഫയില്‍നിന്നും ജബല്‍ ദാനയില്‍നിന്നും എളുപ്പത്തില്‍ എത്താന്‍ സാധിക്കും.
കടുത്ത ചൂടും ഉയര്‍ന്ന ഉപ്പുരസവും ഉണ്ടെങ്കിലും ദ്വീപിന്‍െറ ആവാസ വ്യവസ്ഥയും പവിഴപ്പുറ്റുകള്‍, കടല്‍പ്പുല്ലുകള്‍, കണ്ടലുകള്‍, പച്ച കടലാമകള്‍, ഹോക്സ്ബില്‍ കടലാമകള്‍, ഡോള്‍ഫിനുകള്‍, വ്യത്യസ്ത പക്ഷികള്‍ തുടങ്ങിയ ജീവിവര്‍ഗങ്ങളും ബൂതിനയെ മികച്ച പരിസ്ഥിതിയിടവും കാലവസ്ഥാ വ്യതിയാന പഠനത്തിനുള്ള പരീക്ഷണശാലയുമാക്കി മാറ്റിയിരിക്കുകയാണ്. ബൂതിനയെ ഇന്ത്യന്‍ ഓഷ്യന്‍ ആന്‍ഡ് സൗത് ഈസ്റ്റ് ഏഷ്യയുടെ (അയോസ്യ) ആമ പരിസര ശൃംഖലയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ നടത്താന്‍ അബൂദബി പരിസ്ഥിതി ഏജന്‍സിയോട് അയോസ്യ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അബൂദബി ബൂതിന കടല്‍ത്തിട്ടയും അതിന്‍െറ ജൈവമണ്ഡലവും അഗോളാടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വടക്കന്‍
മേഖലയില്‍ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. ഇത് രാജ്യത്തിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്ന നമ്മുടെ സംസ്കാരത്തിനും അഭിമാനകരമാണ്. ബൂതിനയെ ആഗോള വേദിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിന് അബൂദബി പരിസ്ഥിതി ഏജന്‍സിയെയും കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയത്തെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. അയോസ്യ കടലാമ പരിസര ശൃംഖലയില്‍ ബൂതിന ഉള്‍പ്പെടുന്നത് പ്രദേശത്തിന്‍െറ പ്രാധാന്യം വര്‍ധിപ്പിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി ജനറല്‍ സെക്രട്ടറി റസാന്‍ ഖലീഫ അല്‍ മുബാറക് അഭിപ്രായപ്പെട്ടു. ഏജന്‍സിയുടെ ഏറെക്കാലത്തെ സംരക്ഷണ യജ്ഞത്തിനുള്ള അംഗീകരമാണിത്. ഇന്ത്യന്‍ സമുദ്രവുമായി ബന്ധപ്പെട്ട ഒമ്പതു രാജ്യങ്ങളില്‍നിന്ന് ഈ അംഗീകാരം ലഭിക്കുന്ന പത്ത് പ്രദേശങ്ങളിലൊന്നായി ബൂതിന മാറുകയാണ്.
ഇതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായും ഈ നേട്ടത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അബൂദബിയിലെ 17 ദ്വീപുകളിലായി തണുപ്പ് കാലത്ത് 5,750ത്തോളം ആമകളും വേനല്‍ക്കാലത്ത് 6,900 ആമകളും എത്തുന്നതായി അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ സര്‍വേയില്‍ കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.