അബൂദബി: അബൂദബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോ-മെക്കാനിക്കല്‍, കാറ്ററിങ് കമ്പനികളിലെ ജീവനക്കാര്‍ എട്ട് മാസമായി ശമ്പളമില്ലാതെ അതീവ ദുരിതത്തില്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെയും നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാതെയും പ്രയാസപ്പെടുന്നത്.
ബംഗ്ളാദേശുകാരും ഇന്ത്യക്കാരുമാണ് കമ്പനിയിലെ ബഹുഭൂരിപക്ഷം ജോലിക്കാരും. ആകെ 160ഓളം ജോലിക്കാരുള്ളതില്‍ 45ഓളം ഇന്ത്യക്കാരാണ്. ഇവരില്‍ 20 ഓളം പേര്‍ മലയാളികളാണ്. 15 മാസത്തോളമായി കമ്പനിയില്‍ ജോലി ചെയ്യുന്ന 25ഓളം പേരുടെ വിസ സ്റ്റാമ്പ് ചെയ്തിട്ടു പോലുമില്ളെന്ന് ജോലിക്കാര്‍ പറയുന്നു. വിസ തീര്‍ന്നവരും കൂട്ടത്തിലുണ്ട്. നാട്ടിലേക്ക് മടങ്ങുമ്പോള്‍ വന്‍ തുക പിഴയടക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് ഇവര്‍.
കമ്പനി നഷ്ടത്തിലാണെന്നാണ് ശമ്പളമുടക്കത്തിന് കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതേ കമ്പനിയുടെ സഹോദര സ്ഥാപനങ്ങള്‍ ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തനം നടത്തുന്നതായി ജീവനക്കാര്‍ പറയുന്നു.
ദുബൈയിലുള്‍പ്പടെ നാലു കമ്പനികള്‍ ഈ മലയാളിയുടെ ഉടമസ്ഥതയിലുണ്ട്. അതേസമയം, കമ്പനിയുടമയായ മലയാളി ജയിലിലാണെന്ന് സൂചനയുണ്ട്.
ശമ്പളം നല്‍കാതെ ജോലിക്കാരെ പിരിച്ചയക്കാനുള്ള തന്ത്രമാണ് കമ്പനി പയറ്റുന്നത്. ഇതിനായി തൊഴില്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലയാളുകളെ കഴിഞ്ഞ ദിവസം രാത്രി 1.30ഓടെ ലേബര്‍ ക്യാമ്പിലത്തെിച്ച് അല്‍പം പണം മാത്രം നല്‍കി തിരിച്ചയക്കാനുള്ള കരാറുണ്ടാക്കി.
എന്നാല്‍, ഇവരുടെ ഫോട്ടോ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ചില ജീവനക്കാര്‍ തൊഴില്‍ വകുപ്പ് ഓഫിസില്‍ ഇത് കാണിച്ചപ്പോള്‍ തൊഴില്‍ വകുപ്പിലുള്ള ആരുമല്ല ഇതെന്നും അര്‍ധ രാത്രി അനാവശ്യമായി തൊഴില്‍ വകുപ്പില്‍നിന്ന് ആളുകള്‍ വരില്ളെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇങ്ങനെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
അന്ന് കരാറില്‍ ഒപ്പിട്ടവര്‍ക്കും കരാര്‍ പ്രകാരമുള്ള പണം ഇതു വരെ കമ്പനി അധികൃതര്‍ നല്‍കിയിട്ടില്ല.
നേരത്തെ കമ്പനിക്കെതിരെ ആറു പേര്‍ കേസ് കൊടുത്തിരുന്നു. ഇവര്‍ക്ക് 3000 ദിര്‍ഹവും മടക്ക ടിക്കറ്റും നല്‍കാമെന്ന കരാറില്‍ കേസ് പിന്‍വലിപ്പിച്ചു. പിന്നീട് ഇവരെ നാട്ടിലേക്കയച്ചു. എന്നാല്‍, കേസ് കൊടുക്കാനും കോടതിയില്‍ പോകാനുമുള്ള ചെലവ് എട്ടു മാസമായി ശമ്പളമില്ലാതെ കഴിച്ചുകൂട്ടുന്ന തങ്ങള്‍ക്ക് കണ്ടത്തൊനാവാത്തതിനാലാണ് കേസ് കൊടുക്കാത്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. എങ്കിലും നാലു ജീവനക്കാരുടെ കേസ് ഇപ്പോള്‍ ലേബര്‍ കോടതിയുടെ പരിഗണനയിലുണ്ട്.
കമ്പനിയുടെ പ്രോജക്ടുകള്‍ ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഈ പ്രോജക്ടുകളില്‍നിന്നുള്ള മുന്‍കൂര്‍ പണം മറ്റു രാജ്യങ്ങളിലെ സംരംഭങ്ങളിലേക്ക് വകമാറ്റിയതാണ് പ്രശ്നത്തിന് കാരണമെന്നും തൊഴിലാളികള്‍ പറയുന്നു.
പ്രശ്നത്തില്‍ സാമൂഹിക പ്രവര്‍ത്തകരും മറ്റും ഇടപെട്ട് ശമ്പളം ലഭ്യമാക്കാനും വിസ കഴിഞ്ഞവരുടെ പിഴ കമ്പനിയെ കൊണ്ട് അടപ്പിക്കാനും നടപടിയുണ്ടാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.