ഐ.എസിനെതിരായ ഓണ്‍ലൈന്‍  പ്രചാരണം വന്‍ വിജയം

അബൂദബി: ഇസ്ലാമിക് സ്റ്റേറ്റിന്‍െറ വിഷലിപ്തമായ സിദ്ധാന്തങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമെതിരായ യു.എ.ഇ-യു.എസ് സംയുക്ത സംരംഭമായ സവാബ് കേന്ദ്രം വിജയകരമായ ഒന്നാം വാര്‍ഷികത്തില്‍. 2015 ജൂലൈയില്‍ രൂപവത്കരിച്ച സവാബിന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്. ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യു ട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ സവാബിനെ ട്വിറ്ററില്‍ 104,000 പേരും ഫേസ്ബുകില്‍ 250,000 പേരും പിന്തുടരുന്നുണ്ട്. 
രൂപവതക്രണം മുതല്‍ ഇതു വരെ ഐ.എസ് അജണ്ടകള്‍ക്ക് പിന്നിലെ സത്യാവസ്ഥ തുറന്നുകാട്ടി സവാബ് കേന്ദ്രം പത്ത് സാമൂഹിക മാധ്യമ കാമ്പയിനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഐ.എസിന്‍െറ ക്രൂരതകള്‍, ഭീകര സംഘങ്ങളുടെ കുട്ടികളോടും സ്ത്രീകളോടുമുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയായിരുന്നു കാമ്പയിന്‍. 
വഴികാട്ടികളായ സ്ത്രീകള്‍, ദേശഭക്തി, മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ക്രിയാത്മക വിഷയങ്ങള്‍ ആസ്പദമാക്കിയും  കാമ്പയിന്‍ സംഘടിപ്പിച്ചു. 
വിവിധ സമൂഹങ്ങളിലെ സാമൂഹിക-മത ഘടനകള്‍ക്ക് ഐ.എസ് വരുത്തിയ വിനാശം, ഇറാഖ്, ലിബിയ, സിറിയ രാജ്യങ്ങളില്‍ തങ്ങളുടെ വരുതിയിലായ പ്രദേശങ്ങളിലെ മതന്യൂനപക്ഷങ്ങളോട് കാണിച്ച ക്രൂരത തുടങ്ങിയവ കാമ്പയിന്‍ വിഷയങ്ങളായി. യസീദികളും ക്രിസ്ത്യാനികളും മുസ്ലിംകളും ഐ.എസിന് കീഴില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തെളിവുകള്‍ സഹിതം വിവരിച്ചു.
ഇസ്ലാമിക മൂല്യങ്ങളെ കരുതിക്കൂട്ടി അവഹേളിക്കല്‍, അനാരോഗ്യ മന$സ്ഥിതിയുള്ളവരെ കെണിയലകപ്പെടുത്തുന്നതിനുളള കുതന്ത്രങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയെയും സവാബ് വെല്ലുവിളിച്ചു. 
അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പണ്ഡിതരുടെ സഹകരണത്തോടെ ഖുര്‍ആനും പ്രവാചകചര്യകളും വിശദീകരിച്ച് ഐ.എസിന്‍െറ സിദ്ധാന്തങ്ങളെ ശക്തമായ രീതിയിലാണ് സവാബ് നേരിട്ടത്. സര്‍ക്കാറുകള്‍, വിവിധ കൂട്ടായ്മകള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ ഐ.എസിനെതിരായ അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കൂടുതല്‍ ഊര്‍ജസ്വലമായി ഐ.എസിനെതിരെ പ്രവര്‍ത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായാണ് സവാബ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.