‘സഖര്‍ ഹ്യുമാനിറ്റേറിയന്‍ ഷിപ്പി’നെ അൽ ആരിഷ് തുറമുഖത്ത് യു.എ.ഇ മനുഷ്യാവകാശ
സഹായ സംഘം സ്വീകരിക്കുന്നു
റാസൽഖൈമ: ഗസ്സയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായമത്തെിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നൽകി നിർദേശത്തെ തുടർന്ന് പുറപ്പെട്ട കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തി. സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് കീഴില്‍ സംഭരിച്ച ഭക്ഷണവും അവശ്യവസ്തുക്കളുമായാണ് ‘സഖര്‍ ഹ്യുമാനിറ്റേറിയന്‍ ഷിപ്പ്’ ഈ ജിപ്തിലെത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് കപ്പൽ യു.എ.ഇയിൽ നിന്ന് പുറപ്പെട്ടത്.
അൽ ആരിഷ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലിനെ യു.എ.ഇ മനുഷ്യാവകാശ സഹായ സംഘം സ്വീകരിച്ചു. സഹായ സാമഗ്രികൾ പ്രദേശത്തെ യു.എ.ഇ മനുഷ്യാവകാശ ലജിസ്റ്റിക്സ് കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനായി അൽ ആരിഷിൽ പ്രവർത്തിക്കുന്ന യു.എ.ഇ മനുഷ്യാവകാശ സഹായ സംഘം നടത്തുന്ന വലിയ പരിശ്രമങ്ങളെ ഈജിപ്തിലെ യു.എ.ഇ. അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഹമദ് ഉബൈദ് അൽ സആബി പ്രശംസിച്ചു. അൽ ആരിഷിൽ നിന്ന് സഹായ സാമഗ്രികൾ ഗസ്സയിലത്തെിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുദ്ധകെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് യു.എ.ഇ ആരംഭിച്ച ‘ഓപ്പറേഷന് ഗാലന്റ് നൈറ്റ് 3’ സഹായ ദൗത്യത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് റാസല്‍ഖൈമ കപ്പൽ അയച്ചത്. ദുരിതബാധിത ജനതയോടൊപ്പം നില്ക്കുന്ന യു.എ.ഇയുടെ ഉറച്ച മനുഷ്യാവകാശ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഫൗണ്ടേഷന് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് 3’ന്റെ ഭാഗമായി ഗസ്സയിലേക്ക് യു.എ.ഇ അയക്കുന്ന 12-ാമത്തെ സഹായ കപ്പലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.