അബൂദബി: അൽഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബൂദബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അൽഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ അഡ്നെക് സെന്റർ അൽഐനിലാണ് മേള നടക്കുന്നത്. ‘ടെയിൽസ് ഫ്രം അവർ ഹെറിറ്റേജ്’ എന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം. കുട്ടികളെയും യുവജനങ്ങളെയും അവരുടെ സമ്പന്നമായ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിനൊപ്പം, കർഷകരെയും കരകൗശല പ്രവർത്തകരെയും സഹായിച്ച് പൈതൃകം ഭാവി തലമുറകളിലേക്ക് കൈമാറുന്നതിനാണ് മേള ലക്ഷ്യമിടുന്നത്.
ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായ ഡേറ്റ് ഫെസ്റ്റിവലിൽ 50 ഔട്ട്‌ലെറ്റുകൾ ഉൾക്കൊള്ളുന്ന ഡേറ്റ് മാർക്കറ്റും എലീറ്റ് അൽഐൻ, ഖലാസ്, ഷിഷി, സമ്ലി, ബൗമാൻ, ദബ്ബാസ്, ഫർദ്, വാഹത്ത് തുടങ്ങിയ ഇനങ്ങളിലെ എട്ട് മത്സരങ്ങളും നടക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുടെയും മറ്റ് അറബ് രാഷ്ട്രങ്ങളുടെയും പവലിയനുകൾ വഴി അവരുടെ പൈതൃകവും കലാരൂപങ്ങളും ഭക്ഷണ സംസ്കാരവും അവതരിപ്പിക്കുന്നുമുണ്ട്. പരമ്പരാഗത അൽഐൻ ഫരീജ് പുനഃസൃഷ്ടിക്കുന്ന ഹെറിറ്റേജ് വില്ലേജ്, പഴയകാല ദിനചര്യയും സാമൂഹിക മൂല്യങ്ങളും അനുഭവിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്നതാണ്.
ഫെസ്റ്റിവൽ കഴിഞ്ഞ ദിവസം ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശിക്കുകയും വിവിധ പ്രദർശനങ്ങളും പ്രവർത്തനങ്ങളും വീക്ഷിക്കുകയും ചെയ്തു. ഡേറ്റ് ഫെസ്റ്റിവൽ, ഡേറ്റ് മാർക്കറ്റ്, ഹണി വില്ലേജ്, പരമ്പരാഗത കരകൗശല പ്രദർശനങ്ങൾ, ജനകീയ കലാപരിപാടികൾ, ഇമാറാത്തി പാചക പ്രദർശനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ അദ്ദേഹം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.