ദുബൈ: നാലര പതിറ്റാണ്ട് മുമ്പ് ഐക്യ അറബ് എമിറേറ്റ് രൂപവത്കരിച്ച് രാഷ്ട്ര ശില്‍പികള്‍ ഒന്നിച്ചിരുന്ന യൂണിയന്‍ ഹൗസില്‍ നിലവിലെ രാഷ്ട്രനേതാക്കള്‍ ഒരിക്കല്‍കൂടി ഒത്തുകൂടി. രാജ്യത്തിന്‍െറ സ്ഥാപക പ്രസിഡന്‍റ് ശൈഖ് സായിദും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ചതുര്‍വര്‍ണ പതാക ഉയര്‍ത്തിയ അതേ ഇടത്ത് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും ചേര്‍ന്ന് വെള്ളിയാഴ്ച പതാക ഉയര്‍ത്തി. യൂണിയന്‍ ഹൗസിന്‍െറ മുറ്റത്ത് ഐക്യത്തിന്‍െറയും കൂട്ടായ്മയുടെയും സഹവര്‍ത്തിത്വത്തിന്‍െറയും പുതിയ വീരഗാഥയായി മാറിയ യു.എ.ഇയുടെ വിജയം ഒരിക്കല്‍ കൂടി ഉദ്ഘോഷിക്കപ്പെടുകയായിരുന്നു. രാജ്യത്തിന്‍െറ 45ാം പിറന്നാളിന് ഇരട്ടിമധുരം പകര്‍ന്ന് ഇത്തിഹാദ് മ്യൂസിയവും നാടിന് സമര്‍പ്പിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരെകൂടാതെ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി എന്നിവരാണ് ദേശീയ ദിനത്തിലെ സുപ്രധാനയോഗത്തില്‍ പങ്കെടുത്തത്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തിന് കീഴില്‍ രാജ്യം അതിന്‍െറ ഏറ്റവും പ്രസന്നമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭരണാധികാരികള്‍ പറഞ്ഞു. വിവിധ വികസന സൂചികളനുസരിച്ച് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് യു.എ.ഇ ഇന്ന്. ആഗോളതലത്തില്‍ തന്നെ ഏറ്റവും ശക്തമായ സമ്പദ്ഘടനയും ലോകത്തെ ഏറ്റവും മികച്ചനിലവാരത്തിലുള്ള സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതോടൊപ്പം ജനങ്ങളുടെ സന്തോഷവും ഉറപ്പാക്കുന്നു. പ്രസിഡന്‍റിന് ക്ഷേമവും ആരോഗ്യവും തുടര്‍ന്നും നല്‍കാനും കൂടുതല്‍ പുരോഗതി നല്‍കി രാജ്യത്തെയും ജനങ്ങളെയും അനുഗ്രഹിക്കാനും അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.
45 വര്‍ഷം മുമ്പ് സ്ഥാപക നേതാക്കള്‍ ഐക്യ കരാര്‍ ഒപ്പുവെച്ച ചരിത്ര മുഹൂര്‍ത്തം ഒരിക്കല്‍ കൂടി ഓര്‍ക്കാനുള്ള അവസരമായിരുന്നു ഇതെന്ന് ഭരണാധികാരികള്‍ പറഞ്ഞു. കാലം കടന്നുപോകുമ്പോഴും രാജ്യത്തിന്‍െറ അഭിലാഷങ്ങള്‍ ഉയരത്തില്‍ തന്നെയാണ്. യുണിയന്‍െറ മൂല്യങ്ങളൂം തത്ത്വങ്ങളും നിരന്തരമായി രാജ്യത്തെ മുന്നോട്ടുനയിക്കുന്നു. കൂടുതല്‍ മികച്ചതിനായി പ്രവര്‍ത്തിക്കാന്‍ ഈ ഐക്യബോധം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ ശോഭനമായ ഭാവി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് ഏഴു പേരും പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ഒരേ ഭരണഘടനക്ക് കീഴില്‍, ഒരു പ്രസിഡന്‍റിന് പിന്നില്‍, ഒരു പതാകക്ക് കീഴെ, അതേ തലസ്ഥാനനഗരിയെ മുന്നില്‍ നിര്‍ത്തി രാജ്യവും ജനങ്ങളും ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ ഊന്നിപ്പറഞ്ഞു. രാജ്യത്തിന്‍െറ പൈതൃകത്തിന്‍െറ ഭാഗമായി യൂണിയന്‍ ഹൗസില്‍ അവര്‍ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്‍െറ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തയാറെടുപ്പുകള്‍ യോഗം അവലോകനം ചെയ്തു. ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിനന്ദിച്ച രാഷട്രങ്ങള്‍ക്കും നേതാക്കള്‍ക്കും അവര്‍ നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.