വ്യാഴവും വെള്ളിയും നിറഞ്ഞ് വിഷു ആഘോഷം

അബൂദബി/ദുബൈ: വിഷുക്കണി കണ്ടും സദ്യ ഒരുക്കിയും യു.എ.ഇയിലെ പ്രവാസി സമൂഹം വിഷു ആഘോഷിച്ചു. വിഷു ദിനത്തിന്‍െറ തൊട്ടുപിറ്റേന്ന് വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച വന്നതിനാല്‍ രണ്ടു ദിവസമായി പ്രവാസികള്‍ക്ക്  ആഘോഷക്കാനായി. കണിക്കൊന്നയും വെള്ളരിയും നിലവിളക്കും എല്ലാം ഒരുക്കി വ്യാഴാഴ്ച കണി കണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍, പ്രവൃത്തി ദിനമായതിനാല്‍ പലരും വിഷുക്കണി ഒഴികെയുള്ള ആഘോഷങ്ങള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 
വിഷു സദ്യയും മറ്റും വെള്ളിയാഴ്ചയാണ് പലരും ഒരുക്കിയത്. എന്നാല്‍ രണ്ടു ദിവസവും റസ്റ്റോറന്‍റുകളില്‍ സദ്യക്ക് വലിയ തിരക്കായിരുന്നു. പലരും കുടുംബസമേതം എത്തിയതോടെ റസ്റ്റോറന്‍റുകള്‍ക്ക് മുമ്പില്‍ വലിയ ക്യൂ രൂപപ്പെട്ടു. പാര്‍സലായും ആയിരക്കണക്കിന് സദ്യപാക്കുകള്‍ മിക്ക ഹോട്ടലുകളും വിറ്റുതീര്‍ത്തു. ദുബൈയിലെ ഹോട്ടലുകളിലായിരുന്നു ഏറെ തിരക്ക്.
കുടുംബങ്ങളും സുഹൃത്തുക്കളും എല്ലാം ഒത്തുചേര്‍ന്ന് വലിയ ആഘോഷങ്ങളാണ് വെള്ളിയാഴ്ച നടന്നത്. 
വിഷുവിന്‍െറ ഭാഗമായി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. അബൂദബി വീക്ഷണം ഫോറത്തിന്‍െറ കലാ സന്ധ്യ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്നു.  
സര്‍ഗവേദി അബുദാബിയുടെ വിഷുദിനാഘോഷം ‘ദൃശ്യസന്ധ്യ’ നാഷണല്‍ തീയറ്ററില്‍ അരങ്ങേറി.  പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍, രമേഷ് പിഷാരടി, കോട്ടയം നസീര്‍, റിമി ടോമി എന്നിവര്‍ പരിപാടികളവതരിപ്പിച്ചു.  ഇന്ത്യ സോഷ്യല്‍ സെന്‍ററിന്‍െറ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ പുതുവര്‍ഷ ആഘോഷമാണ് സംഘടിപ്പിച്ചത്. വിഷുവിനൊപ്പം ഉഗാദി, വൈശാഖി, വര്‍ഷപ്പിറപ്പ്, നവ വര്‍ഷ, പൊഹേല ബൈസക്, ബിഹു തുടങ്ങിയ ആഘോഷങ്ങളാണ് നടന്നത്. തെലുങ്ക്, കര്‍ണാടക, ബംഗാളി, തമിഴ്, മഹാരാഷ്ട്ര, ആസാം നൃത്തങ്ങളും അരങ്ങേറി. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജോജോ അംബൂക്കന്‍ സ്വാഗതവും കെ.ടി.പി രമേശന്‍ നന്ദിയും പറഞ്ഞു.  
ദുബൈയിലും വിവിധ പരിപാടികളും സംഗമങ്ങളും വിഷുവിനോടനുബന്ധിച്ച് നടന്നു. വെള്ളിയാഴ്ച സഅ്ബീല്‍ പാര്‍ക്കില്‍ സംസ്കാരിക മേളയും സ്റ്റേജ് ഷോയും അരങ്ങേറി. എം.ജി.ശ്രീകുമാര്‍, റിമിടോമി, കോട്ടയം നസീര്‍, രമേഷ് പിഷാരടി, ഷംന കാസിം തുടങ്ങിയവര്‍ വേദിയിലത്തെി. 
അല്‍നാസര്‍ ലീഷര്‍ ലാന്‍റില്‍ ഡ്രിസ്ലിങ് ഡ്യൂസ് എന്ന പേരിലൊരുക്കിയ സംഗീത സന്ധ്യയായിരുന്നു മറ്റൊരു പരിപാടി. ചടങ്ങില്‍ സംഗീത സംവിധായകന്‍ വിദ്യാസാഗറിനെ ആദരിച്ചു. ഹരിചരണും ശ്വേതാ മോഹനും നയിച്ച ഗാനമേളയുമുണ്ടായിരുന്നു.
പാര്‍ക്കിലും മാളുകളിലുമെല്ലാം വ്യാഴം, വെള്ളി ദിവസങ്ങളില്‍ മലയാളികളുടെ തിരക്കായിരുന്നു. ടെലിവിഷനുകള്‍ക്ക് മുമ്പില്‍ വിഷു ആഘോഷിച്ചവരുമേറെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.