മൂടല്‍മഞ്ഞിനും മഴക്കും സാധ്യത: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

അബൂദബി: വരുംദിവസങ്ങളില്‍ മൂടല്‍മഞ്ഞിനും മഴക്കും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നതിനാല്‍ ചൂട് വര്‍ധിക്കും. ഫുജൈറ, റാസല്‍ഖൈമ, ഹത്ത, അല്‍ഐന്‍െറ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. 
വ്യാഴാഴ്ച മുതല്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയും അബൂദബി മദീനത്ത് സായിദ്, ലിവ, അല്‍ഐന്‍, ദുബൈയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞുണ്ടായി. ഏതാനും ദിവസങ്ങള്‍ കൂടി ഇത് തുടരും. ഉച്ചക്ക് ശേഷമാണ് മഴ പെയ്യാന്‍ സാധ്യത. മൂടല്‍മഞ്ഞുള്ളപ്പോള്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണിത്. ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. കൂട്ടിയിടി ഒഴിവാക്കാന്‍ ഇത് അനിവാര്യമാണ്. മൂടല്‍മഞ്ഞുള്ളപ്പോള്‍ മറ്റ് വാഹനങ്ങളെ മറികടക്കാനോ ലെയിന്‍ മാറാനോ പാടില്ല. തീര്‍ത്തും ദൂരക്കാഴ്ച ഇല്ലാത്ത സാഹചര്യങ്ങളില്‍ വാഹനം റോഡരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. 
ഇങ്ങനെ പാര്‍ക്ക് ചെയ്യുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഇടണമെന്നത് നിര്‍ബന്ധമാണ്. 
മൂടല്‍മഞ്ഞുള്ളപ്പോള്‍ ഹൈം ബീം ലൈറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ദൂരക്കാഴ്ച വീണ്ടും കുറക്കാന്‍ ഇത് ഇടയാക്കും. ട്രക്കുകളും മറ്റ് ഹെവി വാഹനങ്ങളും മൂടല്‍മഞ്ഞുള്ളപ്പോള്‍ ഓടിക്കാന്‍ പാടില്ളെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
റോഡരികില്‍ പാര്‍ക്ക് ചെയ്ത് മൂടല്‍മഞ്ഞ് മാറിയതിന് ശേഷം മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ അനുവാദമുള്ളൂ. അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസും സിവില്‍ ഡിഫന്‍സും സജ്ജമാണ്. പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാനും വാഹന ഗതാഗതം പൂര്‍വസ്ഥിതിയില്‍ എത്തിക്കാനും വേണ്ടിവന്നാല്‍ വഴിതിരിച്ചുവിടാനും സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.