ഷാര്‍ജ: മൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും പത്നി ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയും ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തത്. 23 വരെ നീളുന്ന മേളയില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഷാര്‍ജ മീഡിയ ആര്‍ട്സ് ഫോര്‍ യൂത്ത് ആന്‍ഡ് ചില്‍ഡ്രണിന്‍െറ ആഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കായുള്ള ചിത്രങ്ങളും കുട്ടികള്‍ ഒരുക്കിയ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.ആഭ്യന്തര സംഘര്‍ഷങ്ങളും അഭയാര്‍ഥി പ്രശ്നങ്ങളും പ്രതിപാദിക്കുന്ന ചിത്രങ്ങളുമുണ്ട്.
ഷാര്‍ജ അല്‍ ജവാഹര്‍ റിസപ്ഷന്‍ സെന്‍റര്‍, സഹാറ സെന്‍ററിലെ നോവോ സിനിമാസ് എന്നിവിടങ്ങളിലായി രാവിലെയും വൈകിട്ടുമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇതാദ്യമായി ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനില്‍ ഒൗട്ഡോര്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഷാര്‍ജയിലെ മറ്റ് ഏഴ് പട്ടണങ്ങളിലും ഇത്തവണ പ്രദര്‍ശനം നടക്കും. ഒക്ടോബര്‍ 28, 29 ഖോര്‍ഫക്കാന്‍, നവംബര്‍ നാല്, അഞ്ച് ദിബ്ബ അല്‍ ഹിസന്‍, ഒമ്പതിന് കല്‍ബ, 12ന് അല്‍ മദാം, 15,16 അല്‍ ദൈദ്, 18,19 അല്‍ ഹംരിയ, 22,23 അല്‍ ബതായ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.
ആറുവിഭാഗങ്ങളിലായാണ് ഇത്തവണ പ്രദര്‍ശനം നടക്കുന്നത്. മൊത്തം 50,000 ദിര്‍ഹത്തിന്‍െറ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ഒരുക്കിയിരിക്കുന്നതെന്ന് മേളയുടെ ഡയറക്ടര്‍ ശൈഖ ജവാഹര്‍ ബിന്‍ത് അബ്ദുല്ല ആല്‍ ഖാസിമി പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കായി ഒരാഴ്ച നീളുന്ന ചലച്ചിത്ര നിര്‍മാണ ശില്‍പശാലയും ഇത്തവണയുണ്ട്. ഇതിന് പുറമെ തിരക്കഥാ രചന, ഫോട്ടോഗ്രാഫി, സംവിധാനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന പരിപാടികളുമുണ്ടാകും. മനാല്‍ ബിന്‍ അംറു, അബ്ദുല്ല ഹസന്‍ അഹ്മദ്, ശാഹീന്‍ യസ്ദാനി, ശുഐബ് ഇഖ്ബാല്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.