സുദര്‍ശന്‍െറ കരവിരുതില്‍ ദുബൈയില്‍ ‘ശബരിമല സന്നിധാനം’ ഒരുങ്ങുന്നു

ദുബൈ: പ്രവാസലോകത്തെ അയ്യപ്പ ഭക്തര്‍ക്ക് ശാസ്താവിന്‍െറ പുണ്യം തേടാന്‍ ശബരിമല സന്നിധാനത്തിന്‍െറ മാതൃക  ദുബൈയിലും ഒരുങ്ങുന്നു.  ദുബൈ അല്‍ ശഫ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അങ്കണത്തില്‍ പന്തളം സ്വദേശി സുദര്‍ശന്‍ ആണ്  കരവിരുതിലൂടെ ഭക്തര്‍ക്കായി ശബരിമല സന്നിധാനത്തിന്‍െറ പാശ്ചാത്തല മൊരുക്കി ശ്രദ്ധേയനാകുന്നത്.
ഡിസംബര്‍ മൂന്ന്,നാലു തീയതികളില്‍ നടക്കുന്ന ദുബൈ അയ്യപ്പ സേവാ സമിതിയുടെ അയ്യപ്പ പൂജ മഹോത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് അയ്യപ്പനെ തൊഴാനും പുണ്യം തേടാനും സന്നിധാനത്തിന്‍െറ പരമാവധി പ്രതീതിയുണ്ടാക്കാനുള്ള തീവ്ര ദൗത്യത്തിലാണ് മൂന്നാഴ്ച്ചയിലേറെയായി  ഈ യുവാവ്. വര്‍ഷങ്ങളായി ദുബൈയില്‍ നടക്കുന്ന അയ്യപ്പ മഹോല്‍സവങ്ങള്‍ക്കും മുത്തപ്പന്‍ തിരുവപ്പന ഉത്സവങ്ങള്‍ക്കും  ശബരിമലയുടെയും  പറശ്ശിനിക്കടവ് മുത്തപ്പന്‍ സന്നിധിയുടെയും  പാശ്ചാത്തലം ഒരുക്കാറ്  സുദര്‍ശനാണ്.  ഇത്തവണ ഏറെ പുതുമകളോടെയാണ് സുദര്‍ശന്‍ രംഗത്തുള്ളത്. പ്രധാന സന്നിധാനത്തിലെ 18 പടിയും കൊടിമരത്തിനും പുറമേ ശബരിമലയിലെ അഞ്ചു ക്ഷേത്രങ്ങളും ആറാട്ടുകുളവും  വാവരു സ്വാമി നടയും ഇത്തവണ ദുബൈയില്‍ പുനര്‍ജനിപ്പിക്കും. 
ഏഴുമീറ്റര്‍ നീളവും നാലുമീറ്റര്‍ വീതിയും ഒന്നരമീറ്റര്‍ ആഴത്തിലുമുള്ള ആറാട്ടുകുളം മാതൃകയൊരുക്കുന്നത് യു.എ.ഇയില്‍  ഇതാദ്യമാണ്. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തി നൊപ്പം ഉപദേവതകളായ പമ്പാഗണപതി, ഹനുമാന്‍, നാഗരാജന്‍, മാളികപ്പുറം എന്നിവര്‍ക്കുള്ള ക്ഷേത്രങ്ങളാണ് ഇത്തവണത്തെ മറ്റു ആകര്‍ഷണങ്ങള്‍ .
സ്കൂളിലെ രണ്ടു ഗ്രൗണ്ടുകളിലായാണ് ശബരിമലയും ഇതര പാശ്ചാത്തല ങ്ങളും സജ്ജീകരിക്കുന്നത്. ഉത്സവത്തിനത്തെുന്ന ഭക്തര്‍ പമ്പാ പ്രതീകമായ ആറാട്ടുകുളത്തില്‍ ദര്‍ശനം നടത്തി  വാവരു സ്വാമിയെ  തൊഴുത് മറ്റു അഞ്ചു ക്ഷേത്ര പ്രതീകങ്ങളും ദര്‍ശിക്കും. ഒടുവില്‍ 18ാം പടിയും കൊടിമരവും അടങ്ങുന്ന അയ്യപ്പ സന്നിധിയില്‍ ശാസ്താവിനെ തൊഴുത് മടങ്ങാവുന്ന തരത്തിലാണ് ഇവ ഒരുക്കുന്നത്.  ഒരുമാസം മുമ്പാണ് നിര്‍മാണം തുടങ്ങിയത്. 18ാം പടിയും കൊടി മരവും ഏറെ കുറെ  സജ്ജമായി. മറ്റു ക്ഷേത്രങ്ങളുടെയും ആറാട്ട് കുളത്തിന്‍െറയും പണികള്‍ പൂര്‍ത്തിയായി വരുന്നു .    
ദുബൈ  മിനാ റാഷിദിലെ ഗ്രാന്‍ഡ് വെല്‍ഷിപ്പ് യാര്‍ഡില്‍ കാര്‍പ്പെന്‍്ററി സൂപ്പര്‍വൈസറാണ് സുദര്‍ശന്‍. കഴിഞ്ഞ വര്‍ഷം വരെ  ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പിലാണ് സന്നിധാന  നിര്‍മാണ ജോലികളെല്ലാം നടത്തിയിരുന്നത്. നിര്‍മാണം  കഴിഞ്ഞാല്‍ ആവശ്യമുള്ള സ്ഥലത്ത് കൊണ്ട് പോയി സ്ഥാപിക്കാറാണ് പതിവ്. എന്നാല്‍  ഈ വര്‍ഷം പ്രതീകങ്ങള്‍ കൂടുതലുള്ളത് കൊണ്ട്  സ്കൂള്‍ ഗ്രൗണ്ടില്‍ തന്നെയാണ് എല്ലാം നിര്‍മിക്കുന്നത്. വൈകീട്ട് കമ്പനിയിലെ ജോലി കഴിഞ്ഞുള്ള സമയത്താണ് ഈ പണികളത്രയും നടത്തുക. മിക്ക ദിവസവും പുലര്‍ച്ചെ രണ്ടരമണിവരെ  നീളും. സുദര്‍ശന്‍  യാതൊരു പ്രതിഫലവും പറ്റുന്നില്ല എന്നതും ശ്രദ്ദേയമാണ്. സഹായത്തിന് സുഹൃത്തുക്കളായ മനോജ്, അനില്‍, പപ്പന്‍, സുരേഷ്, ശേഖരന്‍ എന്നിവരുമുണ്ട്. 
പത്ത് വര്‍ഷത്തോളമായി സുദര്‍ശന്‍ ദുബൈയിലത്തെിയിട്ട്. നാട്ടില്‍ നാടന്‍ പാട്ട്, നാടകം , മിമിക്രി പോലുള്ള  കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.ആശാരിയായ അച്ഛന്‍ അപ്പുകുട്ടനില്‍ നിന്നാണ് ക്ഷേത്ര നിര്‍മിതിയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.    ക്ഷേത്ര മാതൃക ഒരുക്കുന്നത് ദേവകാര്യമായതിനാല്‍  ഏറെ ശ്രദ്ധയോടെയും സമയമെടുത്തും ചെയ്യേണ്ട ജോലിയാണെന്ന് സുദര്‍ശന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ക്ഷേത്രാചാര ചടങ്ങുകളും താന്ത്രികവിദ്യകളും നടക്കേണ്ടതിനാല്‍ വലിയ സൂക്ഷ്മത കണിശമാണ്.  എല്ലാത്തിനും നിശ്ചിത സ്ഥാനങ്ങളും കണക്കുകളും ഉണ്ട്. മനുഷ്യ ഭവനങ്ങള്‍ക്ക് ഇരട്ട കണക്കാണെങ്കില്‍ ദൈവ ഭവനങ്ങള്‍ക്ക് അത് ഒറ്റ കണക്കാണെന്ന് ഇദ്ദേഹം പറയുന്നു. ഇത് തെറ്റാതെ വേണം പണിയാന്‍. 
അയ്യപ്പ ഭക്തനായ സുദര്‍ശന്‍  ഇതിനകം 32 തവണ ശബരിമല കയറിയിട്ടുണ്ട് . കൂടാതെ പന്തളത്ത് നടക്കുന്ന തിരുവാഭരണ ഘോഷയാത്രയില്‍  തുടര്‍ച്ചയായി ഇത് 18ാം  തവണയാണ് പങ്കെടുക്കാന്‍ ഒരുങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.