ദുബൈ: കഴിഞ്ഞ വർഷം ലോക രാജ്യങ്ങളിൽനിന്ന് ദുബൈയിലേക്കെത്തിയത് 1.87 കോടി വിനോദസഞ്ചാരികൾ. വിനോദസഞ്ചാര മേഖലയിൽ തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയതെന്നും ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. കഴിഞ്ഞ വർഷം 78 ശതമാനമാണ് നഗരത്തിലെ ഹോട്ടലുകളുടെ ശരാശരി താമസ നിരക്ക്. 2023ൽ ഇത് 77.4 ശതമാനമായിരുന്നു.
ലോകത്തെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ദുബൈയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നതാണ് സഞ്ചാരികളുടെ എണ്ണത്തിലെ വർധന. ഡിസംബർ അവസാനത്തോടെ ദുബൈയിൽ 832 പ്രോപ്പർട്ടികളിലായി 154,016 ഹോട്ടൽ മുറികളാണ് ബുക്ക് ചെയ്യപ്പെട്ടത്. പ്രതിവർഷം രണ്ട് ശതമാനമാണ് ഈ രംഗത്തെ വളർച്ച.
2024ൽ ഹോട്ടൽ റൂമുകളിൽ രാത്രി ചെലവിട്ടത് 4.3 കോടി വിനോദസഞ്ചാരികളാണ്. തൊട്ടുമുമ്പത്തെ വർഷം ഇത് 4.17 കോടിയായിരുന്നു. ഈ കാലയളവിൽ ലഭ്യമായ മുറികളിൽ നിന്നുള്ള ശരാശരി വരുമാനം പ്രതിവർഷം രണ്ട് ശതമാനം വർധിച്ച് 421 ദിർഹമായപ്പോൾ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രതിദിന നിരക്ക് 538 ദിർഹമായി ഉയർന്നിട്ടുണ്ട്.
തന്ത്രപരമായ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, പ്രതിഭകളെ കണ്ടെത്തൽ, വിപണി വൈവിധ്യവത്കരണം എന്നിവയിലൂടെ ദുബൈ ഈ രംഗത്തെ മത്സരക്ഷമത വർധിപ്പിക്കുന്നത് തുടരുകയാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തി എന്ന നിലയിൽ ടൂറിസത്തിന്റെ പങ്ക് വർധിപ്പിക്കുന്നതിനും കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിനുമുള്ള നടപടികൾ തുടരും. ദുബൈ സാമ്പത്തിക അജണ്ടയായ ഡി33യോട് ചേർന്ന നിൽക്കുന്നതാണ് വികസന കണക്കുകൾ.
അതോടൊപ്പം ജീവിക്കാനും സന്ദർശിക്കാനും ലോകത്തെ ഏറ്റവും മികച്ച നഗരമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.
അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ സ്ഥാനമുറപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം 2033ഓടെ ദുബൈയുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കുകയും ചെയ്യുമെന്നും ശൈഖ് ഹംദാന പറഞ്ഞു.
കഴിഞ്ഞ വർഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 9.2 കോടി യാത്രക്കാരാണ് വന്നുപോയത്. ആറ് ശതമാനമാണ് ഈ രംഗത്തെ വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.