ദുബൈ: ശനിയാഴ്ച യു.എ.ഇയെ ലക്ഷ്യമാക്കി എത്തിയ 15 മിസൈലുകളും 119 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 16 ബാലിസ്റ്റിക് മിസൈലുകളാണ് രാജ്യത്തിന് നേരെ സംഘർഷത്തിന്‍റെ എട്ടാം ദിവസമെത്തിയത്. ഇവയിൽ 15 എണ്ണം വിജയകരമായി തടഞ്ഞപ്പോൾ ഒരു ബാലിസ്റ്റിക് മിസൈൽ കടലിൽ വീഴുകയാണുണ്ടായത്. ആകെ 121 ഡ്രോണുകളാണ് കഴിഞ്ഞദിവസം രാജ്യത്തെ ലക്ഷ്യമാക്കി വന്നത്. ഇതിൽ 119 എണ്ണം തടഞ്ഞപ്പോൾ രണ്ടെണ്ണം യു.എ.ഇയുടെ ഭൂപ്രദേശത്തിനുള്ളിൽ വീണതായും മന്ത്രാലയം വ്യക്തമാക്കി.
വ്യോമ പ്രതിരോധത്തിനിടെ ദുബൈ വിമാനത്താവളത്തിൽ അവശിഷ്ടങ്ങൾ വീണ് ചെറിയ അപകടമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രീതിയിൽ സംഭവങ്ങളില്ലെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് അൽപ സമയം സുരക്ഷ പരിഗണിച്ച് വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ വൈകാതെ സുരക്ഷ ഉറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 221 ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിനു നേരെ വന്നിട്ടുണ്ട്. ഇതിൽ 205 എണ്ണം നശിപ്പിക്കുകയും 14 എണ്ണം കടലിൽ വീഴുകയും രണ്ട് മിസൈലുകൾ യു.എ.ഇയുടെ ഭൂപ്രദേശത്ത് പതിക്കുകയും ചെയ്തു. ആകെ 1,305 ഇറാനിയൻ ഡ്രോണുകളാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. അവയിൽ 1,229 എണ്ണം എയർ ഡിഫൻസ് സംവിധാനങ്ങൾ തടഞ്ഞു. 76 ഡ്രോണുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീഴുകയും ചെയ്തു. കൂടാതെ, എട്ട് ക്രൂസ് മിസൈലുകളും വിജയകരമായി നശിപ്പിക്കാൻ വ്യോമ പ്രതിരോധ സംവിധാനത്തിന് സാധിച്ചു.
ആകെ മൂന്ന് മരണങ്ങളും 112 പരിക്കുകളുമാണ് സംഭവങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഭീഷണികളെ ശക്തമായി നേരിടുന്നതിനും യു.എ.ഇ സായുധ സേന പൂർണമായി തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.