1.4 ട്രില്യൺ ദിർഹം ആസ്തി; ഇസ്ലാമിക് ഫിനാൻസ് രംഗത്ത് വൻ മുന്നേറ്റവുമായി യു.എ.ഇ

അബൂദബി: 1.4 ട്രില്യൺ ദിർഹത്തിന്‍റെ ആസ്തിയും 43 സാമ്പത്തിക സ്ഥാപനങ്ങളുമായി ഇസ്ലാമിക് ഫിനാൻസ്, ഹലാൽ മേഖലകളിൽ ലോകത്തിലെ മുൻനിര കേന്ദ്രമായി യു.എ.ഇ. ശക്തമായ നിയമപോരാട്ടങ്ങൾ, ശരീഅ ഭരണസംവിധാനങ്ങൾ, സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) നടപ്പാക്കുന്ന സുതാര്യമായ നിയന്ത്രണങ്ങൾ എന്നിവയാണ് ദ്രുതഗതിയിലുള്ള വളർച്ചക്ക് കരുത്തേകുന്നത്.

2025 മേയിൽ യു.എ.ഇ കാബിനറ്റ് അംഗീകരിച്ച ‘യു.എ.ഇ ഇസ്ലാമിക് ഫിനാൻസ് ആൻഡ് ഹലാൽ ഇൻഡസ്ട്രി സ്ട്രാറ്റജി 2025–2031’ പ്രകാരം 2031ഓടെ ആഭ്യന്തര ഇസ്ലാമിക് ഫിനാൻസ് ആസ്തി 2.56 ട്രില്യൺ ദിർഹമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ആഗോള സുകൂക് വിപണി വിപുലീകരിക്കുക, ഹലാൽ ഉൽപന്നങ്ങളുടെ ഉത്പാദനം വർധിപ്പിക്കുക, ഹലാൽ ടൂറിസം, വഖഫ് അധിഷ്ഠിത ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയൂടെ പ്രധാന ലക്ഷ്യങ്ങൾ.

സെൻട്രൽ ബാങ്കിന്‍റെ കൃത്യമായ നിയമ നിർമാണവും 2018-ൽ രൂപീകരിച്ച ഹയർ ശരീഅ അതോറിറ്റിയുടെ മേൽനോട്ടവും ഈ മേഖലയിലെ സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നു. ശരീഅ അതോറിറ്റി ഇതുവരെ 280ലധികം മാനദണ്ഡങ്ങളും തീരുമാനങ്ങളും ഒമ്പത് ഭരണനിയമങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

2025ലെ ഇസ്ലാമിക് ഫിനാൻസ് ഡെവലപ്‌മെന്‍റ് ഇൻഡക്‌സ് പ്രകാരം ലോകത്ത് മൂന്നാം സ്ഥാനത്താണ് യു.എ.ഇ. നിയമപരമായ വ്യക്തതയും ഏകീകൃത ശരീഅ മാനദണ്ഡങ്ങളും അന്താരാഷ്ട്ര തലത്തിൽ നിക്ഷേപകർക്ക് യു.എ.ഇ ഇസ്ലാമിക് സാമ്പത്തിക മേഖലയിലുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു.

Tags:    
News Summary - The UAE is the world's leading center in the fields of Islamic finance and halal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.