ഹുർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ‘ഇറാൻ നടപടി കടൽക്കൊള്ളക്ക് തുല്യം’

അബൂദബി: ഹുർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടയിൽ യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ ‘അഡ്‌നോകി’ന്‍റെ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി കമ്പനി അധികൃതർ അറിയിച്ചു. സുപ്രധാന ജലപാതയിലൂടെ കടന്നുപോകുകയായിരുന്ന കപ്പലുകൾക്ക് നേരെ വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. എന്നാൽ, സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും അഡ്‌നോക് വ്യക്തമാക്കി.

കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. വാണിജ്യ കപ്പലുകൾക്ക് എതിരായ ഏതൊരു ആക്രമണവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പൽഗതാഗതത്തെ ലക്ഷ്യമിടുന്നതും ഹുർമുസ് കടലിടുക്കിനെ സാമ്പത്തിക സമ്മർദത്തിനോ ബ്ലാക്ക് മെയിലിങ്ങിനോ ഉള്ള ആയുധമായി ഉപയോഗിക്കുന്നതും ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സിന്‍റെ കടൽക്കൊള്ളക്ക് തുല്യമായ പ്രവൃത്തിയാണെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. മേഖലയിലെ സമാധാനത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതക്കും വേണ്ടി ഇറാൻ ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്ക് ഒരു ഉപാധികളുമില്ലാതെ പൂർണമായി തുറന്നുകൊടുക്കണം. ശത്രുതാപരമായ എല്ലാ നടപടികളും അവസാനിപ്പിക്കാനും ഇറാൻ തയാറാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് ഫലത്തിൽ അടഞ്ഞുകിടക്കുകയാണ്.

ഈ പുതിയ ആക്രമണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും മറ്റൊരു അഡ്‌നോക് ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് പ്രധാന ആരോപണം. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച അഡ്‌നോക്കിന്‍റെ 15 കപ്പലുകൾക്ക് നേരെ ഇതുവരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അലപപിച്ച് മറ്റുരാജ്യങ്ങൾ

അഡ്നോക് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഈജിപ്ത്, ജോർദൻ എന്നീ രാജ്യങ്ങൾ ശക്തമായി അലപലിച്ചു. യു.എ.ഇയോട് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അപലപിച്ച് അന്താരാഷ്ട്ര കൂട്ടായ്മകളും

യു.എ.ഇ എണ്ണകപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് അന്താരാഷ്ട്ര കൂട്ടായ്മകൾ രംഗത്ത്. ഗൾഫ് സഹകരണ കൗൺസിലും, അറബ് ലീഗും ആക്രമണത്തെ അപലപിച്ചു. കപ്പലുകൾക്ക് നേരെ നിരന്തരം നടക്കുന്ന ആക്രമണം മേഖലയുടെ സ്ഥിരതക്കും സുരക്ഷിതത്വത്തിനും വെല്ലുവിളിയാണെന്ന് അറബ് പാർലമെന്‍റ് പ്രസിഡന്‍റ് മുഹമ്മദ് അഹമ്മദ് അൽ യമാഹി പ്രതികരിച്ചു. ആക്രമണത്തെ അറബ് പാർലമെന്‍റ് അപലപിച്ചു. ആഗോള വാണിജ്യത്തിനും, ആഗോള ഊർജ സുരക്ഷക്കും ഭീഷണിയാണ് ഇത്തരം ആക്രമണങ്ങളെന്ന് അറബ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.

അന്താരാഷ്ട്ര ജലഗതാഗത പാതയെ ഇറാൻ സമ്മർദതന്ത്രത്തിനുള്ള ഉപകരണമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജി.സി.സി. സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് ആൽ ബുദൈവി പറഞ്ഞു. 

Tags:    
News Summary - The UAE Ministry of Foreign Affairs strongly condemned the attack on ships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.