ഷാർജ ചാരിറ്റി ഇന്‍റർനാഷനലുമായി സഹകരിച്ച് നടപ്പിലാക്കിയ ‘കുട്ടിയിൽ നിന്ന് കുട്ടിയിലേക്ക്’ എന്ന പദ്ധതിയിൽ ബാഗുകൾ തയാറാക്കുന്ന കുട്ടികൾ

കരുണയുടെ കൂട്ടുകാർ; ‘ഫ്രം ചൈൽഡ് ടു ചൈൽഡ്' പദ്ധതിയിലൂടെ പ്രതീക്ഷയുടെ കൈത്താങ്ങുമായി ഷാർജയിലെ കൊച്ചുകൂട്ടുകാർ

ഷാർജ: കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പിന്തുണയേകാൻ മാതൃകാപരമായ കമ്യൂണിറ്റി സംരംഭവുമായി ഷാർജ പൊതുമരാമത്ത് വകുപ്പിന്‍റെ കോർപറേറ്റ് കോൺടാക്റ്റ് സെന്‍റർ. ഷാർജ ചാരിറ്റി ഇന്‍റർനാഷനലുമായി സഹകരിച്ച് നടപ്പിലാക്കിയ ‘കുട്ടിയിൽ നിന്ന് കുട്ടിയിലേക്ക്’ (ഫ്രം ചൈൽഡ് ടു ചൈൽഡ്) എന്ന പദ്ധതിയിലൂടെ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂളിലേക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ ബാഗുകളാണ് കുട്ടികൾക്ക് നൽകുന്നത്.

ബാഗുകൾ പാക്ക് ചെയ്തത് കുട്ടികൾ

മുതിർന്നവർ ചെയ്യുന്നതിന് പകരം, ജീവനക്കാരുടെ മക്കളെ തന്നെയാണ് ബാഗുകൾ പാക്ക് ചെയ്യാനുള്ള ദൗത്യം ഏൽപ്പിച്ചത്. മറ്റ് കുട്ടികൾക്കായി സ്കൂൾ ബാഗുകൾ സ്വന്തം കൈകളാൽ പാക്ക് ചെയ്യുന്നത് വഴി സഹജീവി സ്നേഹവും പങ്കുവെക്കലിന്‍റെ സന്തോഷവും ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പോയന്‍റ് ബുക്കുകൾ, പേനകൾ, കളർ സെറ്റുകൾ, പെൻസിൽ ബോക്സുകൾ തുടങ്ങി ആവശ്യമായ എല്ലാ സ്റ്റേഷനറി സാധനങ്ങളും ജീവനക്കാരാണ് സംഭാവന ചെയ്തത്.

ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ സന്നദ്ധസേവന സംസ്കാരം വളർത്തിയെടുക്കാനും സമൂഹത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനുമാണ് ഈ പദ്ധതിയിലൂടെ ശ്രമിച്ചതെന്ന് കോർപറേറ്റ് കോൺടാക്റ്റ് സെന്‍ററിലെ പബ്ലിക് റിലേഷൻസ് മേധാവി അമൽ അൽ അലി പറഞ്ഞു. മനുഷ്യത്വപരമായ ആശയങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ഇത്തരം ലളിതവും എന്നാൽ, സ്വാധീനമുള്ളതുമായ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഭരണാധികാരിക്ക് നന്ദി

ആവശ്യക്കാരായ കൂട്ടുകാർക്ക് സ്കൂൾ ബാഗുകൾ ഒരുക്കാൻ സാധിച്ചതിൽ പദ്ധതിയിൽ പങ്കെടുത്ത കുട്ടികൾ വലിയ സന്തോഷം പ്രകടിപ്പിച്ചു. മറ്റുള്ളവർക്ക് നൽകുന്നതാണ് ഏറ്റവും മനോഹരമായ കാര്യമെന്നും, നന്മ ആരംഭിക്കുന്നത് കുട്ടികളുടെ ഹൃദയത്തിൽ നിന്നാണെന്നും പഠിപ്പിച്ചതിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കുട്ടികൾ നന്ദി രേഖപ്പെടുത്തി.

മൊത്തം 17 കുട്ടികൾ സന്നദ്ധപ്രവർത്തകരായി പങ്കെടുത്ത ഈ പദ്ധതിയിലൂടെ ആവശ്യക്കാരായ വിദ്യാർഥികൾക്കായി 100 സ്കൂൾ ബാഗുകളാണ് തയാറാക്കി നൽകിയത്.

Tags:    
News Summary - കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പിന്തുണയേകാൻ മാതൃകാപരമായ കമ്യൂണിറ്റി സംരംഭവുമായി ഷാർജ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.