ഷാർജ: റമദാനിൽ ഭിക്ഷാടനം നടത്തിയ 110 പേരെ ഷാർജയിൽ അറസ്റ്റ് ചെയ്തു. റമദാനിലെ ആദ്യ 12 ദിവസങ്ങളിലെ കണക്കാണിത്. പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശക വിസയിലെത്തിയവരാണ് ഇവരിൽ അധികവുമെന്ന് ഷാർജ പൊലീസ് യാചക നിയന്ത്രണസംഘം തലവൻ കേണൽ ജാസിം മുഹമ്മദ് ബിൻ താലിയ പറഞ്ഞു.
അറസ്റ്റിലായതിൽ 100 പുരുഷന്മാരും 10 സ്ത്രീകളുമുണ്ട്. ഷാർജ പൊലീസിന് മറ്റുള്ളവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 80040, 901 എന്നീ ഫോൺ നമ്പറുകളിലൂടെയാണ് നിരവധി പേരുടെ അറസ്റ്റിലേക്കുള്ള വിവരങ്ങൾ ലഭിച്ചത്. റസിഡന്റ് വിസയിലുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘യാചന കുറ്റകരമാണ്’ എന്ന പേരിൽ ഷാർജ പൊലീസ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ്.
ദാനധർമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക ചാനലുകൾ വഴി നൽകണമെന്നും അധികൃതർ അറിയിച്ചു. യാചകരെ പിടിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ പൊലീസ് പട്രോൾ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പള്ളികൾ, മാർക്കറ്റ്, ബാങ്ക്, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും യാചകരെ കാണുന്നത്. ഇത്തരം സംഭവങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദുബൈ പൊലീസ് 67 പേരെ അറസ്റ്റ് ചെയ്തിരുന്നു. 31പുരുഷന്മാരും 36 സ്ത്രീകളുമാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.