ദമ്മാം: കോവിഡ് കുത്തിവെപ്പെടുത്തവർക്കു മാത്രമേ ചടങ്ങുകളിലും സ്വകാര്യ, സർക്കാർ ഓഫിസുകളിലും പ്രവേശനം അനുവദിക്കൂ എന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനൻറ് കേണൽ തലാൽ അൽഷൽഹോബ്. ആഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.
കോവിഡ് പ്രതിരോധ മാനദണ്ഡം പാലിക്കുന്നതിൽ സ്ഥാപനങ്ങളും ആളുകളും ബോധപൂർവം വീഴ്ചവരുത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു വ്യവസ്ഥ. ഒരാഴ്ചക്കിടയിൽ രാജ്യത്ത് 17,800 നിയമലംഘനം കണ്ടെത്തി.
വാണിജ്യം, സാംസ്കാരികം, വിനോദം, കായികം, ശാസ്ത്രീയം തുടങ്ങിയ ഏത് പരിപാടിക്കും ഇത് ബാധകമാണ്. പൊതുഗതാഗതത്തിന് പുറമെ കച്ചവടകാര്യങ്ങൾക്കോ ഓഡിറ്റിനോ വേണ്ടി സർക്കാർ, സ്വകാര്യ ഓഫിസുകളിൽ പ്രവേശിക്കുന്നതിനും ഇത് ബാധകമാണ്.
നിയമം ലംഘിക്കുന്നവർക്ക് ഒരു ദാക്ഷിണ്യവുമില്ലാതെ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികൾക്കോ പരിപാടികൾക്കോ ആയി ആളുകൾ ഒത്തുകൂടി കോവിഡ് സുരക്ഷ മാനദണ്ഡം ലംഘിച്ചാൽ 50,000 റിയാൽ പിഴ ഈടാക്കും. ചടങ്ങ് സംഘടിപ്പിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും പിഴ ബാധകമാണ്.
കുത്തിവെപ്പ് സ്വീകരിച്ചവർക്ക് മാത്രമേ പൊതുസ്ഥലങ്ങളിൽ പ്രവേശനം ഉള്ളൂവെന്ന് അബുദബി തീരുമാനിച്ചതായി കഴിഞ്ഞദിവസം യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.അഗസ്റ്റ് 20 മുതലാണ് അവിടെ ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.