യാമ്പു പുഷ്പനഗരിയിലേക്ക് മലയാളികളുടെ ഒഴുക്ക്​ 

യാമ്പു : പൂക്കളുടെ  അപൂർവവസന്തോൽസവം നുകരാൻ യാമ്പുവിലേക്ക് ജനപ്രവാഹം. 
വാരാന്ത്യ അവധി ദിനങ്ങളിൽ  ജിദ്ദ, മദീന, തബൂക്ക്, ത്വാഇഫ് എന്നിവടങ്ങളിൽ നിന്ന് മലയാളി വിനോദയാത്രാ സംഘങ്ങളും കുടുംബങ്ങളും വൻതോതിൽ യാമ്പുവിലേക്ക് ഒഴുകുന്നു. ജിദ്ദയിലെ വിവിധ നാട്ടുകൂട്ടായ്കൾ, തനിമ ജിദ്ദ റുവൈസ് ഏരിയ, ജിദ്ദ രിസാല സ്റ്റഡി സർക്കിൾ, മൈത്രി ജിദ്ദ, തനിമ മദീന, വിവിധ പ്രവാസി സംഘങ്ങൾ, ഇന്ത്യൻ മീഡിയാഫോറം  എന്നിവരുടെ നേതൃത്വത്തിൽ കുടുംബസമേതം വെള്ളി, ശനി ദിവസങ്ങളിൽ പുഷ്പ നഗരിയിലെത്തി. 
യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റർ, വിവിധ മലയാളി സാംസ്കാരിക സംഘടനാ പ്രവർത്തകരും മലയാളി സന്ദർശകരെ സ്വീകരിക്കാൻ പുഷ്പ നഗരിയിൽ സജീവമായിരുന്നു. 
രാജ്യത്തി​െൻറ നാനാഭാഗങ്ങളിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പുഷ്പപരവതാനിയൊരുക്കിയ പൂന്തോപ്പ് കാണാൻ ദിനേന ആയിരങ്ങളാണ് വന്നു ചേരുന്നത്. യാമ്പു റോയൽ കമീഷൻ ജിദ്ദ ഹൈവേ റോഡിനോട് ചേർന്ന അൽ മുനാസബാത്ത്‌ പാർക്കിലൊരുക്കിയ ഫ്ലവർ ആൻറ് ഗാർഡൻ ഫെസ്റ്റ് ഏപ്രിൽ എട്ട് വരെ നീളും. വൈകുന്നേരം നാല് മുതൽ പത്ത് വരെയാണ് സന്ദർശന സമയം.  
പ്രവേശനം പൂർണമായും സൗജന്യമാണ്. പുഷ്‌പോത്സവം പത്ത് ദിനം പിന്നിട്ടപ്പോഴേക്കും നാല്  ലക്ഷം സന്ദർശകർ മേളക്കെത്തിയതായി സംഘാടകർ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. 
നഗരിയിലൊരുക്കിയ പൂച്ചെടികളുടെയും വിത്തുതൈകളുടെയും പ്രദർശനവും വിൽപനയും നടക്കുന്ന പവലിയനുകളിലും നല്ല തിരക്കാണ്. 
പ്രശസ്ത വിദേശ കമ്പനികളുമായി സഹകരിച്ചാണ് യാമ്പു പുഷ്പമേള സംഘാടകർ വർണാഭമാക്കുന്നത്. പുഷ്‌പോത്സവം കാണാൻ വരുന്നവർക്ക്  ഹൈവേ ബീച്ച് റോഡിലെ അതിവിശാലമായ പാർക്കിലും ഉല്ലസിക്കാം. 
യാമ്പു തടാകവും ശറം ബീച്ചിലെ ബോട്ടിങ്ങും കടലിലെ കുളിയുമൊക്കെയായി ഒരു ദിനം ചെലവഴിക്കുവാനുള്ള അവസരവും യാമ്പുവിലെത്തുന്ന വിനോദ യാത്രാ സംഘങ്ങൾക്കുണ്ട്. 
വിശാലമായ വാഹന പാർക്കിങ്, വിശ്രമ കേന്ദ്രങ്ങൾ, കുട്ടികൾക്ക് കളിസ്ഥലങ്ങൾ, ഫുഡ് കോർട്ടുകൾ,സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നമസ്കാര കേന്ദ്രങ്ങൾ എന്നിവയും നഗരിയിൽ ഒരുക്കിയിട്ടുണ്ട്. 

Tags:    
News Summary - yambu-pushpamela-janamozukunnu-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.