ചാർട്ടേർഡ് വിമാന യാത്രക്കാർക്ക് കോവിഡ് ടെസ്​റ്റ്: തീരുമാനം പിൻവലിക്കണം -റിയാദ് കെ.എം.സി.സി

റിയാദ്: ചാർട്ടേർഡ് വിമാനത്തിൽ വിദേശത്ത് നിന്ന് വരുന്നവർ കോവിഡ് ടെസ്​റ്റ്​ നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണമെന്നുള്ള കേരള സർക്കാറി​​​െൻറ നിർദേശം പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും രാഷ്​ട്രീയ ലക്ഷ്യത്തോടെയുള്ള ഈ സമീപനം ഇനിയും നിരവധി മലയാളികളുടെ ജീവനെടുക്കാൻ മാത്രമെ  ഉപകരിക്കുകയുള്ളൂവെന്നും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. 

കോവിഡ് വ്യാപന ആശങ്കയിൽ കഴിയുന്ന പ്രവാസികൾ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് മാസങ്ങളായി. വന്ദേഭാരത് മിഷൻ വഴി സൗദിയിൽ നിന്നും നടത്തുന്ന സർവിസുകൾ തികച്ചും അപര്യാപ്തമായതിനാലാണ്‌ കെ.എം.സി.സി അടക്കമുള്ള സംഘടനകളും ട്രാവൽ മേഖലയിലെ സ്ഥാപനങ്ങളും ചാർട്ടേർഡ് വിമാനങ്ങൾക്കായി ശ്രമം ആരംഭിച്ചതും സർവിസ് തുടങ്ങിയതും. ഇനിയും നിരവധി രോഗികളും ഗർഭിണികളും ഇവിടെ നാടണയാനായി കാത്തിരിക്കുകയാണ്‌. ഒട്ടെറെ പേർ കടുത്ത മാനസിക സംഘർഷത്തിലാണ്‌ കഴിഞ്ഞുവരുന്നത്. 

നിലവിൽ കോവിഡ് ടെസ്​റ്റ്​ ചെയ്ത് ഫലം ലഭിക്കണമെങ്കിൽ സൗദിയിൽ രണ്ട് മുതൽ എട്ട് ദിവസം വരെ വേണ്ടിവരുന്നുണ്ട്. ഇക്കാരണത്താൽ യാത്രക്കാർക്ക് യഥാസമയം റിസൽട്ട് ലഭിക്കാനോ ഈ വിമാനങ്ങളിൽ യാത്ര ചെയ്യാനോ സാധിക്കാത്ത സാഹചര്യമായിരിക്കും വന്നുചേരുക. എന്നാൽ വന്ദേഭാരത് മിഷൻ വഴിയുള്ള വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ആവശ്യമില്ലെന്നുള്ള സർക്കാർ നിലപാട് പരിഹാസ്യമാണ്‌. ഇരു വിമാനങ്ങളിലെയും യാത്രക്കാർ തമ്മിലെന്തു വ്യത്യാസമാണ്‌ സർക്കാർ നിരീക്ഷിച്ചതെന്ന്  വ്യക്തമാക്കേണ്ടതുണ്ട്. 

കെ.എം.സി.സിയെ പോലെ പ്രവാസ ലോകത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകളാണ്‌ ചർട്ടേർഡ് വിമാന സർവിസ് നടത്തുന്നത് എന്നുള്ളതിനാൽ അതിനെ തകർക്കാനുള്ള ശ്രമമാണ്‌ മുഴുവൻ പ്രവാസികളോടുമുള്ള സർക്കാറി​​​െൻറ ഈ ക്രൂരമായ നടപടികളുടെ പിന്നിലെന്ന് സംശയിക്കുകയാണ്‌. കടം വാങ്ങിയിട്ടാണെങ്കിലും വലിയ നിരക്കിലുള്ള ടിക്കറ്റുമെടുത്ത് നാട്ടിലേക്ക് തിരിക്കാനാഗ്രഹിക്കുന്ന പതിനായിരങ്ങളെ വീണ്ടും ആശങ്കയുടെ മുൾമുനയിലേക്ക് നയിച്ചിരിക്കുകയാണ്‌ കേരള സർക്കാർ. ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കമ്മിറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - withdraw covid test decision for chartered flight passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.