റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ നേതൃത്വത്തിൽ നടന്ന വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് സൗദി അറേബ്യ. മേഖലയിൽ യുദ്ധസമാനമായ സാഹചര്യമുണ്ടെങ്കിലും സൗദി അറേബ്യയിൽ വലിയ ആഘാതങ്ങളില്ലെന്നും ജനജീവിതം പൂർണമായും സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി.
ശനി, ഞായർ ദിവസങ്ങളിലായി സൗദിയിലെ മൂന്ന് തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ അയച്ചത്. തലസ്ഥാനമായ റിയാദ്, എണ്ണസമ്പന്നമായ കിഴക്കൻ പ്രവിശ്യ, അതിർത്തി നഗരമായ ജിസാൻ എന്നിവിടങ്ങളിലേക്കായിരുന്നു ആക്രമണശ്രമം.
അമേരിക്കൻ നിർമിത ‘പാട്രിയറ്റ്’, ‘താഡ്’ എന്നീ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തന്നെ സൗദി വ്യോമസേന തകർത്തു. മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തുംമുമ്പേ നിഷ്പ്രഭമാക്കാൻ സാധിച്ചതിനാൽ രാജ്യത്ത് നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുദ്ധഭീതി നിലനിൽക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയിൽ കാര്യങ്ങൾ സാധാരണ ഗതിയിലാണ്. രാജ്യത്തിനകത്തെ വിമാന സർവീസുകളും പൊതുഗതാഗതവും തടസ്സമില്ലാതെ തുടരുന്നു. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി വിദേശ വിമാന സർവീസുകളിൽ ചില ക്രമീകരണങ്ങളും താളംതെറ്റലുകളും ഉണ്ടായിട്ടുണ്ട്. സൗദി എയർലൈൻസിെൻറ വിദേശസർവിസുകൾ ചിലത് താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
അരാംകോ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമാനിലെ ദുകം തുറമുഖത്തിന് നേരെ ഉണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഇറാൻ നടപടി ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.
സൗദിയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ ജി.സി.സി പൗരന്മാർക്ക് സൗജന്യ താമസവും ഭക്ഷണവും ഉറപ്പാക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദിയിലുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് തങ്ങളുടെ നാട്ടിലേക്ക് വിളിക്കാൻ സൗദി ടെലികോം കമ്പനി മൂന്ന് ദിവസത്തേക്ക് സൗജന്യ കോൾ സൗകര്യം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.