എം.എ യൂസുഫലി റമദാൻ മാധ്യമ മജ്ലിസിൽ സംസാരിക്കുന്നു
ആറ്റുകാൽ പൊങ്കാല സംബന്ധിച്ച പ്രസ്താവനയിൽ പാളയം ഇമാമിന് അഭിനന്ദനം
ദുബൈ: പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷാന്തരീക്ഷത്തിൽ സമാധാനത്തിനായി പ്രാർഥിക്കാമെന്നും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി. ദുബൈയിൽ ഒരുക്കിയ റമദാൻ മാധ്യമ മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ സുരക്ഷയിൽ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ മുൻകരുതൽ പദ്ധതികളുണ്ട്. ‘പ്ലാൻ എ’യും ‘പ്ലാൻ ബി’യും ആവശ്യമെങ്കിൽ ‘പ്ലാൻ സി’യും ആസൂത്രണം ചെയ്തിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.
ആറ്റുകാൽ പൊങ്കാല സംബന്ധിച്ച് പാളയം ഇമാം നടത്തിയ പ്രസ്താവനയെ അഭിനന്ദിക്കുന്നതായും ചോദ്യത്തിന് മറുപടിയായി അദ്ദേറം പറഞ്ഞു. യു.എ.ഇ രഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ബിസിനസിന്‍റെ ആദ്യകാലത്ത് നൽകിയ പിന്തുണയെയും തുടർന്ന് വിവിധ ഭരണാധികാരികൾ നൽകിയ സഹായങ്ങളെയും യൂസഫലി അനുസ്മരിച്ചു. ഭരണാധികാരികളുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച അദ്ദേഹം ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
52 വർഷം യു.എ.ഇയിൽ കഴിഞ്ഞ ആളെന്ന നിലയിൽ റമദാനിൽ യു.എ.ഇ ഭരണാധികാരികൾ പ്രഖ്യാപിച്ച ജീവകാരുണ്യ കാമ്പയിനുകൾക്ക് സംഭാവന നൽകുന്നത് ബാധ്യതയായാണ് മനസിലാക്കുന്നത്. ദാനധർമ്മങ്ങൾ പ്രശസ്തിക്ക് വേണ്ടിയല്ല, വിശ്വാസിയെന്ന നിലയിലെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ചെയ്യുന്നത് -അദ്ദേഹം വ്യക്തമാക്കി.
കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, സ്നേഹവും ലാളനയും നൽകി വളർത്തിയ പിതാമഹനെ അനുസ്മരിച്ച യൂസുഫലി സംസാരത്തിനിടെ വികാരാധീനനുമായി. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമപ്രവർത്തകരാണ് മജ്ലിസിൽ പങ്കെടുത്തത്.
ലുലു ഗ്രൂപ്പ് മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവർ സന്നിഹിതരാ
യിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.