സൗദി റോയൽ റിസർവുകളിൽ പിറന്ന വന്യജീവികൾ
യാംബു: സൗദി അറേബ്യയിലെ റോയൽ റിസർവുകളിൽ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ വലിയ വിജയത്തിലേക്ക്. ഈ വർഷം വിവിധ റിസർവുകളിലായി 145-ലധികം വന്യജീവി കുഞ്ഞുങ്ങൾ പിറന്നതായി അധികൃതർ അറിയിച്ചു.
വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ സ്വാഭാവിക പുനരുൽപാദനത്തിൽ കൈവരിച്ച ഈ നേട്ടം രാജ്യത്തിെൻറ പരിസ്ഥിതി പുനരുദ്ധാരണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ്, കിങ് ഖാലിദ് റോയൽ റിസർവ് എന്നിവിടങ്ങളിലാണ് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജനനം പ്രധാനമായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ജനനം രേഖപ്പെടുത്തിയത് അറേബ്യൻ ഒറിക്സുകളുടേതാണ്.
ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിൽ ഒമ്പത് അറേബ്യൻ ഒറിക്സുകളും 46 സാൻഡ് ഗസല്ലുകളും പുതുതായി ജനിച്ചു. കിങ് ഖാലിദ് റോയൽ റിസർവിൽ 15 ഒറിക്സ് കുഞ്ഞുങ്ങളാണ് പിറന്നത്. ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നേച്ചർ റിസർവ് ഡെവലപ്മെൻറ് അതോറിറ്റിയുടെ പരിധിയിൽ 2026-െൻറ ആദ്യ പാദത്തിൽ മാത്രം തൊണ്ണൂറിലധികം വന്യജീവി ജനനങ്ങൾ രേഖപ്പെടുത്തി. 17 കേപ്പ് മുയലുകൾ, ചുവന്ന കഴുത്തുള്ള ഏഴ് ഒട്ടകപ്പക്ഷികൾ, പന്ത്രണ്ടിലധികം റോക്ക് ഹൈറാക്സ് എന്നിവയും ഈ വർഷം ജനിച്ച ജീവികളിൽ ഉൾപ്പെടുന്നു.
നാഷനൽ സെന്റർ ഫോർ വൈൽഡ്ലൈഫുമായി സഹകരിച്ച് നടത്തുന്ന സംയോജിത പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അധികൃതർ വ്യക്തമാക്കി. മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ വിജയകരമായി പുനരുൽപാദനം നടത്തുന്നത് പ്രജനന പരിപാടികളുടെ ഗുണമേന്മയെയാണ് സൂചിപ്പിക്കുന്നത്.
പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ജൈവവൈവിധ്യം സുസ്ഥിരമായി നിലനിർത്തുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.