അമേരിക്ക-ഇറാൻ വെടിനിർത്തൽ: സ്വാഗതം ചെയ്​ത്​ സൗദി അറേബ്യ, പാകിസ്​താ​െൻറ മധ്യസ്ഥതയെ പ്രശംസിച്ചു

റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്​താൻ നടത്തിയ നിർണായകമായ മധ്യസ്ഥ ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും പാകിസ്​താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും സംയുക്തമായി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

പാകിസ്​താൻ പ്രധാനമന്ത്രി മുഹമ്മശഷഹബാസ് ഷെരീഫി​െൻറയും, പാകിസ്​താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറി​െൻറയും ഫലപ്രദമായ ഇടപെടലുകൾ ഈ സുപ്രധാന കരാറിലെത്തുന്നതിൽ വലിയ പങ്കുവഹിച്ചതായി മന്ത്രാലയം എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനും മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാകിസ്​താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.

1982-ലെ ഐക്യരാഷ്​ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്​ട്ര കപ്പൽ ഗതാഗതം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് സൗദി ഊന്നിപ്പറഞ്ഞു. ഈ വെടിനിർത്തൽ മേഖലയിൽ സുസ്ഥിരമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് രാജ്യം പ്രത്യാശ പ്രകടിപ്പിച്ചു.

അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള കടന്നുകയറ്റങ്ങളും നയങ്ങളും അവസാനിപ്പിക്കേണ്ടതി​െൻറ പ്രാധാന്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇന്ന് പുലർച്ചെയാണ് വാഷിങ്​ടണും ടെഹ്‌റാനും രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായതായി ട്രംപും ശഹബാസ് ഷെരീഫും അറിയിച്ചത്. ഈ കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിൽ സ്ഥിരമായ സമാധാന കരാറിനായി ചർച്ചകൾ നടത്തും. കരാറി​െൻറ ഭാഗമായി ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായി തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - US-Iran Ceasefire: Saudi Arabia Welcomes it, Praises Pakistan's Mediation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.