അല്‍ ഖര്‍ജിലെ വെള്ളപ്പൊക്കം; ഗവര്‍ണര്‍ നേരിട്ടത്തെി

റിയാദ്: കനത്ത മഴയെ തുടര്‍ന്ന് അല്‍ ഖര്‍ജിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ നേരിട്ടത്തെി. പ്രളയം കൂടുതല്‍ ആഘാതം സൃഷ്ടിച്ച അല്‍ഖറജ്, അല്‍ദിലം, നയ്ജാന്‍, ദബീഅ എന്നീ സ്ഥലങ്ങളാണ് ഹെലികോപ്റ്ററില്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. 
സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശപ്രകാരമാണ് തന്‍െറ സന്ദര്‍ശനമെന്ന് അദ്ദേഹം വ്യക്തമാക്കി. അല്‍ഖറജിലെ പ്രളയബാധിത മേഖലയിലെ സ്ഥിതിഗതികള്‍ ഒരളവോളം ശാന്തമാണ്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കിയ അവശിഷ്ടങ്ങള്‍ നീക്കാനുണ്ട്. അടുത്ത ഗവര്‍ണറേറ്റ് യോഗത്തില്‍ അല്‍ഖറജിലെ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. 
മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിന് പല കാരണങ്ങളുണ്ട്. നിര്‍മാണം, കൈയേറ്റം, പ്രകൃതിപരമായ കാരണങ്ങള്‍ എന്നിവ അതിലുള്‍പ്പെടും. ഇവ ശരിക്കും വിലയിരുത്തും. ഈ രംഗത്തെ  വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി പഠനം നടത്തി പരിഹാരം കാണാന്‍ ശ്രമിക്കും. ഗവര്‍ണറേറ്റും മുനിസിപ്പാലിറ്റിയും സിവില്‍ഡിഫന്‍സും സെന്യവും നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണര്‍ എടുത്തു പറഞ്ഞു. 
റോഡുകളെല്ലാം തകര്‍ന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അവ ഉടനെ നന്നാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 
മേഖല മേയര്‍ ഇബ്രാഹീം അല്‍സുല്‍ത്താന്‍, അല്‍ഖറജ് ഗവര്‍ണര്‍ ശുബൈലി ബിന്‍ മജ്ദൂഹ് ആലു മജ്ദൂഹ്, റിയാദ് സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ ആഇഷ് ബിന്‍ അഹ്മദ് അല്‍ത്വലഹി, അല്‍ഖറജ് സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ ഖാലിദ് അല്‍സഈസ്, ഇലക്ട്രിക് കമ്പനി മധ്യമേഖല മേഖലാ മേധാവി എന്‍ജിനീയര്‍ ഖാലിദ് അല്‍ഖനൂന്‍ എന്നിവര്‍ ഗവര്‍ണറെ അനുഗമിച്ചിരുന്നു. 
കൃഷിയിടങ്ങളിലും താഴ്വരകളുടെ വശങ്ങളിലും കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ റിയാദ് ഗവര്‍ണറോട് ആവശ്യപ്പെട്ടതായും അല്‍ഖറജ്  ഗവര്‍ണര്‍ പറഞ്ഞു. 

Tags:    
News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.