റിയാദ്: കേരളത്തിലെ രാഷ്ട്രീയ ചൂട് ഗൾഫ് മണ്ണിലേക്കും പടർത്തി റിയാദിൽ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ പ്രവർത്തർക്ക് ആവേശം പകർന്നു. ‘മാറ്റത്തിനായുള്ള സമയം എത്തിയിരിക്കുന്നു’ എന്ന സന്ദേശമുയർത്തി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.
പ്രവാസി മലയാളികളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്ന വേദിയായി മാറിയ സമ്മേളനം, തുടക്കം മുതൽ ഒടുക്കം വരെ മുദ്രാവാക്യങ്ങളാലും ശക്തമായ രാഷ്ട്രീയ വിമർശനങ്ങളാലും സജീവമായിരുന്നു. കെ.എം.സി.സി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖ പ്രസംഗം നടത്തി. കെ.എം.സി.സി ചെയർമാൻ യു.പി. മുസ്തഫ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു.
സംസ്ഥാനത്ത് തീർച്ചയായും ഭരണമാറ്റം ഉണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിൽ എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. അദ്ദേഹത്തിെൻറ വാക്കുകളെ വലിയ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. എറണാകുളം ഡി.സി.സി പ്രസിഡൻറും കൊച്ചി മണ്ഡലം സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്, കരുനാഗപ്പള്ളിയിലെ സ്ഥാനാർത്ഥി സി.ആർ. മഹേഷ്, ആലപ്പുഴയിലെ സ്ഥാനാർത്ഥി എ.ഡി. തോമസ് എന്നിവരും ഓൺലൈൻ വഴി യോഗത്തിൽ സംസാരിച്ചു.
സംസ്ഥാന സർക്കാറിനെതിരെ കടുത്ത വിമർശനങ്ങളാണ് സമ്മേളനത്തിൽ ഉയർന്നത്. ഭരണപരമായ അനാസ്ഥയും ജനക്ഷേമ പദ്ധതികളിലെ പാളിച്ചകളും കേരളത്തെ പിന്നോട്ടടിച്ചുവെന്ന് നേതാക്കൾ ആരോപിച്ചു. കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങാനാവാതെ വിദേശങ്ങളിൽ കുടുങ്ങിയ മലയാളികൾ നേരിട്ട മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ ചർച്ചയായി.
ചാർട്ടർ വിമാനങ്ങൾ, ക്വാറൻറീൻ സൗകര്യങ്ങൾ, സാമ്പത്തിക സഹായങ്ങൾ എന്നിവയിൽ സർക്കാർ നൽകിയ വാഗ്ദ്ധാനങ്ങൾ ലംഘിക്കപ്പെട്ടുവെന്നും പ്രവാസികളുടെ കണ്ണീരിന്മേൽ വാഗ്ദാനങ്ങളുടെ കൊട്ടാരം പണിയുകയാണ് ഭരണകൂടം ചെയ്തതെന്നും വിമർശനമുയർന്നു. അതേസമയം, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തൊഴിൽ സുരക്ഷ, പുനരധിവാസം, നിക്ഷേപ സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി പ്രവാസികൾക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകി.
ചടങ്ങിൽ വിവിധ സംഘടനാ ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, നൗഫൽ പാലക്കാടൻ, മജീദ് ചിങ്ങോലി, റഹ്മാൻ മുനമ്പത്ത്, അഷ്റഫ് വെള്ളേപ്പാടം, മുഹമ്മദ് വേങ്ങര, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, മൃദുല വിനീഷ്, റഹ്മത്ത് അഷ്റഫ്, മുജീബ് ഉപ്പട, മൊയ്തീൻകുട്ടി തെന്നല, അസ്‌ക്കർ കണ്ണൂർ, റിജോ ഡൊമിനിക്ക്, സജീർ പൂന്തുറ, അമീർ പട്ടണത്ത്, അബ്ദുറഹ്മാൻ ഫറോക്ക്, ജലീൽ തിരൂർ, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, അസീസ് വെങ്കിട്ട, നജീബ് നെല്ലാംകണ്ടി, ബഷീർ താമരശ്ശേരി, അഷറഫ് മേച്ചേരി, റഫീഖ് മഞ്ചേരി, മാള മുഹയുദ്ധീൻ, സിറാജ് വള്ളിക്കുന്ന്, സൈഫ് കായംകുളം, അഷറഫ് കല്പകഞ്ചേരി, കരീം കൊടുവള്ളി, അനീർ ബാബു, ജോൺസൺ മാർക്കോസ്, ജസീല മൂസ, ഷമീർ പറമ്പത്ത് എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ഒ.ഐ.സി.സി ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. ഇരു സംഘടനകളുടെയും സെൻട്രൽ, ഗ്ലോബൽ, നാഷനൽ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിനായി ഓരോ ബൂത്തിലെയും പ്രവാസി കുടുംബങ്ങളെ യു.ഡി.എഫിനൊപ്പം അണിനിരത്താൻ സമിതികൾ രൂപവത്കരിച്ചു. സർക്കാരിെൻറ വീഴ്ചകൾക്ക് തിരിച്ചടി നൽകുമെന്ന പ്രഖ്യാപനത്തോടെയും പ്രവർത്തകരുടെ സംയുക്ത പ്രതിജ്ഞയോടെയുമാണ് കൺവെൻഷൻ സമാപിച്ചത്.
ഫോട്ടോ: 1. റിയാദിൽ യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ കെ.എം.സി.സി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു, 2. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷ പ്രസംഗം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.