സൗദിയ പാസഞ്ചർ ഫോറം ഓൺലൈൻ യോഗത്തിൽനിന്ന്
റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സൗദി എയർലൈൻസ് (സൗദിയ) വിമാന സർവിസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദിൽ ‘സൗദിയ പാസഞ്ചർ ഫോറം’ രൂപവത്കരിച്ചു. പ്രവാസി സമൂഹത്തിെൻറ ദീർഘകാലത്തെ ശ്രമഫലമായി 2017 ഒക്ടോബറിൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവിസുകൾ ആരംഭിച്ചിരുന്നെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ അവ നിർത്തലാക്കുകയായിരുന്നു.
നിലവിൽ കേരളത്തിൽ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാത്രമാണ് സൗദി എയർലൈൻസ് സർവിസ് നടത്തുന്നത്. തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാർക്കും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ, ശിവഗംഗ എന്നീ ആറ് ജില്ലകളിൽ നിന്നുള്ളവർക്കും അന്താരാഷ്ട്ര യാത്രകൾക്ക് തിരുവനന്തപുരം വിമാനത്താവളമാണ് ഏക ആശ്രയം.
നിലവിൽ നേരിട്ടുള്ള വിമാനങ്ങളില്ലാത്തതിനാൽ മറ്റ് മിഡിൽ ഈസ്റ്റ് എയർലൈനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ദീർഘനേരത്തെ ട്രാൻസിറ്റും വിമാനം മാറി കയറേണ്ടി വരുന്നതും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾ, വയോധികർ, രോഗികൾ എന്നിവർക്ക് ഇത് ഏറെ പ്രയാസകരമാണ്.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് സെക്ടറിൽ സൗദിയ സർവിസുകൾ പുനരാരംഭിച്ചത് സ്വാഗതാർഹമാണെങ്കിലും, ഐടി ഹബ്ബും വിഴിഞ്ഞം തുറമുഖവും ഉൾപ്പെടെ വലിയ വികസന സാധ്യതകളുള്ള തിരുവനന്തപുരത്തെ അവഗണിക്കുന്നത് ശരിയല്ലെന്ന് റിയാദിൽ ചേർന്ന ഓൺലൈൻ യോഗം വിലയിരുത്തി.
കൊച്ചിയിലോ കോഴിക്കോട്ടോ ഇറങ്ങി റോഡ് മാർഗം തെക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് 12 മണിക്കൂർ വരെ അധികമായി ചെലവഴിക്കേണ്ടി വരുന്നു. കൂടാതെ 30-45 ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് യാത്രയ്ക്കായി മാത്രം നാല് ദിവസം വരെ നഷ്ടപ്പെടുന്നത് വലിയ മാനസിക സമ്മർദത്തിന് കാരണമാകുന്നുണ്ട്.
സൗദി എയർലൈൻസും എയർ ഇന്ത്യയും തമ്മിലുള്ള പുതിയ കോഡ്-ഷെയർ കരാർ പ്രയോജനപ്പെടുത്തി സർവിസുകൾ വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിെൻറ ഭാഗമായി ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ചരപ്പ റാംമോഹൻ നായിഡുവിനും സൗദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷനും നിവേദനം നൽകാൻ തീരുമാനിച്ചു.
കേന്ദ്രമന്ത്രിക്കുള്ള നിവേദനം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് പാർലമെൻറ് സമ്മേളന വേളയിൽ നേരിട്ട് കൈമാറും. സുബൈർകുഞ്ഞ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞ് നിവേദനത്തിെൻറ കരട് അവതരിപ്പിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, ജോസഫ് അതിരുങ്കൽ, അലക്സ് കൊട്ടാരക്കര, ഇംതിയാസ് അഹമ്മദ്, റാഫി പാങ്ങോട്, നിസ്സാർ പള്ളിക്കശ്ശേരിൽ, ഇസ്മാഈൽ നൗഷാദ്, അബ്ദുറഹ്മാൻ, അനസ് ഓച്ചിറ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.