യാംബു: സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം മുതൽ നടപ്പാക്കിയ മൂന്നു സെമസ്റ്റർ സംവിധാനം പുനഃപരിശോധിക്കാൻ സൗദി ശൂറ കൗൺസിൽ വിദ്യാഭ്യാസ മന്ത്രാലയത്തോട് നിർദേശിച്ചു. നേരത്തേ ഉണ്ടായിരുന്ന രണ്ട് ടേം എന്നത് മാറ്റി മൂന്നാക്കി പരിഷ്‌കരിച്ചത് കഴിഞ്ഞവർഷമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനായി ആഗോളതലത്തിലെ സ്വീകാര്യമായ മാതൃകകൾക്ക് അനുസൃതമായി സാങ്കേതിക, തൊഴിൽ പരിശീലന കോളജുകളിലും സർവകലാശാലകളിലും സ്‌കൂളുകളിലുമെല്ലാം നടപ്പാക്കിയ മൂന്നു സെമസ്റ്റർ സമ്പ്രദായം വിലയിരുത്താനും പുതിയ രീതിയെ വിദ്യാർഥികൾ എങ്ങനെ പരിഗണിക്കുന്നുവെന്ന് പരിശോധിക്കാനുമാണ് ശൂറയുടെ നിർദേശം. മൂന്നു ടേം സംവിധാനം മൂലം വിദ്യാർഥികൾ കൊഴിഞ്ഞുപോയിട്ടുണ്ടോ എന്നു പരിശോധിക്കണം.
മൂന്നു സെമസ്റ്റർ സമ്പ്രദായം വഴി അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ നേരത്തേയുള്ള അധ്യയനരീതി തന്നെ തുടരുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും ശൂറാ കൗൺസിൽ അഭിപ്രായപ്പെട്ടു.കഴിഞ്ഞവർഷം മുതൽ പരിഷ്‌കരിച്ച പുതിയ സ്‌കൂൾ കലണ്ടർ അനുസരിച്ച്, 39 ആഴ്ച നീണ്ട അധ്യയന വർഷമാണ് ഇപ്പോൾ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ളത്. ഓരോ സെമസ്റ്ററും 13 ആഴ്‌ചകൾ വീതമുള്ള മൂന്നു സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.
മികച്ച അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി വിദ്യാഭ്യാസ കാര്യക്ഷമതയുടെ നിലവാരം ഉയർത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മൂന്നു സെമസ്റ്ററുകളിലെ മൂല്യനിർണയം അവലോകനം ചെയ്ത ശേഷം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം നിർണയിക്കാനും ദേശീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലും പരിപാടികളിലും അവരുടെ പങ്കാളിത്തത്തിന് മതിയായ സമയം അനുവദിക്കുന്നതിനും പഠനനിലവാരം ഉയർത്തുന്നതിനും പുതിയ സംവിധാനം വഴിവെക്കുമെന്ന് മന്ത്രാലയം വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.