ഗഫൂർ ഖാൻ
ജിദ്ദ: ജിദ്ദയിൽ മരിച്ച രാജസ്ഥാൻ സ്വദേശി ഗഫൂർ ഖാെൻറ (53) മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി. 30 വർഷത്തോളമായി സൗദി ബിൻലാദിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ജനുവരി 25നാണ് ഹൃദയാഘാതംമൂലം കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. ഒന്നര വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരികെ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയിൽ നാട്ടിലേക്ക് പോകുന്നത് വൈകുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ കാലിന് ബാധിച്ച ഗുരുതരമായ രോഗത്തെത്തുടർന്ന് സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി സുഖപ്പെട്ടുവന്നിരുന്നു. പിന്നീട് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കഴിയവെയാണ് ഹൃദയാഘാതം സംഭവിച്ചത്.
രാജസ്ഥാനിലെ ചുരു ജില്ലയിൽ റാണാസാർ സ്വദേശി സൈദുൽ ഖാെൻറയും ജൈത്തൂൻ ബാനുവിെൻറയും മകനാണ്. ഭാര്യ: നജ്മ ബാനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കമ്പനി അധികൃതർ ബന്ധപ്പെട്ടതിനാൽ സാമൂഹിക പ്രവർത്തകൻ നൗഷാദ് മമ്പാടിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മൃതദേഹം വ്യാഴാഴ്ച ജിദ്ദയിൽനിന്ന് അബൂദബി വഴി ഇത്തിഹാദ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. ജിദ്ദയിൽനിന്ന് ബന്ധുവായ മാജിദ് ഖാനും മൃതദേഹത്തോടൊപ്പം നാട്ടിലേക്കു പോയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എസ്.ഡി.പി.ഐ ഡൽഹി ഘടകം ഭാരവാഹികളായ ഫർമാൻ, സാഹിദ്, അയ്നുൽ ഹഖ് എന്നിവർ ബന്ധു മാജിദ് ഖാനോടൊപ്പം മൃതദേഹം ഏറ്റുവാങ്ങി ജന്മനാടായ റാണാസാറിലേക്കു കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.