ദൈവം മനുഷ്യർക്കു നൽകിയ സമഗ്രമായ ജീവിത പദ്ധതിയാണ് ഇസ്ലാം. അതിലെ അനുഷ്ഠാനങ്ങൾ കേവലം ചടങ്ങുകളല്ല; മറിച്ച് മനുഷ്യെൻറ ചിന്തയെയും സ്വഭാവത്തെയും സാമൂഹിക ഉത്തരവാദിത്ത്വത്തെയും സംസ്കരിക്കാൻ ലക്ഷ്യമിട്ടുള്ള ബൗദ്ധിക-നൈതിക സംവിധാനങ്ങളാണ്. ഈ വ്യവസ്ഥിതിയുടെ ഏറ്റവും തെളിഞ്ഞ രൂപമാണ് റമദാനും അതിലെ വ്രതാനുഷ്ഠാനവും.ശരീരത്തെ നിയന്ത്രിക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു സമഗ്ര പ്രക്രിയയായാണ് വ്രതം ഇസ്ലാമിൽ അവതരിപ്പിക്കപ്പെടുന്നത്. ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്ന ഒരു കായിക പ്രവർത്തനത്തിനപ്പുറം, മനുഷ്യന്റെ ആന്തരിക ലോകത്തെ പുനഃനിർമിക്കുന്ന ആത്മീയ പരിശീലനമാണത്.ഖുർആൻ വ്രതത്തെ പരിചയപ്പെടുത്തുന്നത് ഒരു ശിക്ഷണോപാധിയായാണ്. മുൻകാല സമൂഹങ്ങൾക്കും ഇത് നിർദേശിക്കപ്പെട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്നതിലൂടെ, ഇതിന്റെ സാർവലൗകിക പ്രസക്തി വെളിപ്പെടുന്നു. വ്രതത്തിന്റെ അന്തിമ ലക്ഷ്യം തഖ്വ അഥവ
നൈതിക ജാഗ്രത വളർത്തുക എന്നതാണ്.
ഇത് ശരീരത്തെ പീഡിപ്പിക്കുന്ന ഒന്നല്ല; മറിച്ച് ആഗ്രഹങ്ങൾക്കും ഇന്ദ്രിയപ്രേരണകൾക്കും മേൽ ബുദ്ധിയുടെയും ആത്മബോധത്തിന്റെയും നിയന്ത്രണം സ്ഥാപിക്കലാണ്. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുക്കുന്നവന്റെ പാപങ്ങൾ മായുകയും മനസ്സ് നിർമലമാവുകയും ചെയ്യുന്നു.
തന്റെ ദൗർബല്യങ്ങളെ തിരിച്ചറിയാനും അവയെ മറികടക്കാനും ഓരോ വിശ്വാസിയെയും ഈ മാസം പ്രാപ്തനാക്കുന്നു.
ചരിത്രപരമായി നോക്കിയാൽ, ജൂത-ക്രൈസ്തവ മതങ്ങളിലും പുരാതന സംസ്കാരങ്ങളിലും ഉപവാസം നിലനിന്നിരുന്നു. എന്നാൽ ഇസ്ലാം അതിനെ വ്യക്തിപരമായ ആത്മശുദ്ധിയോടൊപ്പം സാമൂഹിക ഉത്തരവാദിത്ത്വവുമായും ബന്ധിപ്പിച്ചു.വ്രതാനുഷ്ഠാനം മനുഷ്യനിൽ സഹാനുഭൂതി വളർത്തും. ദരിദ്രന്റെ വിശപ്പിന്റെ വേദന അനുഭവിക്കുമ്പോഴാണ് സമ്പന്നനിൽ യഥാർഥ കരുണ ജനിക്കുന്നത്. സകാത്തും സദഖയും ഇഫ്താർ പങ്കിടലുകളും വ്രതത്തിന്റെ സാമൂഹിക അടിത്തറയെ ശക്തിപ്പെടുത്തുന്നു.ആധുനിക കാലത്ത് റമദാൻ ഒരു വലിയ പ്രതിസന്ധി നേരിടുന്നുണ്ട്-വിപണിവത്കരണം. വിശപ്പിനെ അനുഭവിച്ച് വിനയാന്വിതനാകേണ്ട മനുഷ്യനെ, ആധുനിക ഉപഭോഗസംസ്കാരം അമിതഭക്ഷണത്തിലേക്കും ആഘോഷങ്ങളിലേക്കും വഴിതിരിച്ചുവിടുന്നു. ബ്രാൻഡഡ് ഇഫ്താർ വിരുന്നുകളും പരസ്യപ്രചാരണങ്ങളും റമദാനെ ഒരു ‘ഷോപ്പിങ് സീസൺ’ ആയി മാറ്റുന്നു. റമദാൻ ആവശ്യപ്പെടുന്നത് ‘കുറവ്’ ആണെങ്കിൽ വിപണി നമ്മോട് ആവശ്യപ്പെടുന്നത് ‘കൂടുതൽ’ ആണ്. ഈ വൈരുദ്ധ്യം ഗൗരവമായ ഒരു ചോദ്യം ഉയർത്തുന്നു: നാം അനുഷ്ഠിക്കുന്നത് വ്രതത്തിന്റെ ആത്മാവോ അതോ അതിന്റെ ബാഹ്യരൂപമോ?
റമദാൻ ഒരു മാസം മാത്രമല്ല, അതൊരു ജീവിതപാഠമാണ്. ശരീരത്തെ ശിക്ഷിക്കലല്ല, ആത്മാവിനെ മോചിപ്പിക്കലാണ് ഇതിന്റെ ലക്ഷ്യം. വേഗതയും ഉപഭോഗവും നിറഞ്ഞ ഈ ലോകത്ത്, മനുഷ്യനെ അൽപനേരം നിശ്ചലനാക്കി സ്വയം തിരിച്ചറിയാൻ പ്രേരിപ്പിക്കുന്ന അപൂർവമായ ദൈവിക ഇടപെടലായി റമദാൻ ഇന്നും നിലകൊള്ളുന്നു. ആത്മീയതയെ വിപണിക്ക് പണയം വെക്കാതെ, അതിന്റെ യഥാർഥ അന്തസ്സോടെ വ്രതത്തെ നെഞ്ചേറ്റുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.