ഒരു ഗ്വാണ്ടനാമോ തടവുകാരന്‍ കൂടി സൗദിയിലത്തെി

റിയാദ്: അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി സൗദിയിലത്തെി. സൗദി പൗരനായ ജബ്റാന്‍ സഅദ് അല്‍ഖഹ്താനി വ്യാഴം വൈകിട്ടാണ് റിയാദ് വിമാനത്താവളത്തിലിറങ്ങിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷ വിഭാഗം വ്യക്തമാക്കി. സുരക്ഷാ വിഭാഗത്തിന്‍െറ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഇദ്ദേഹത്തെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുടുംബത്തിന് ഏല്‍പിക്കുമെന്ന് വക്താവ് പറഞ്ഞു. 
ഖഹ്താനിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ പേരിലുള്ള പരിചരണ വിഭാഗമാണ് ഗ്വാണ്ടനാമോയില്‍ നിന്ന് വിട്ടയക്കപ്പെട്ട തടവുകാരെ ഏറ്റെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കുക. ഇതോടെ സൗദിയിലേക്ക് തിരിച്ചുവരുന്ന ഗ്വാണ്ടനാമോ തടവുകാരുടെ എണ്ണം 126 ആയി. ഏഴ് സൗദി തടവുകാര്‍ കൂടി ഗ്വാണ്ടനാമോയില്‍ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രസിഡന്‍റ് ഒബാമയുടെ കാലാവധി തീരുന്നതിന് മുമ്പ് മോചിപ്പിക്കപ്പെട്ട അവസാന ബാച്ചില്‍ ഉള്‍പ്പെടുന്ന സൗദി പൗരനാണ് ജബ്റാന്‍ അല്‍ഖഹ്താനി. 
ഈ മാസം ആദ്യം നാലു തടവുകാരെ റിയാദില്‍ എത്തിച്ചിരുന്നു. യമന്‍ സ്വദേശികളായ  മുഹമ്മദ് റജബ് സ്വാദിഖ് അബു ഗാനിം, സാലിം അഹമദ്  ഹാദി ബിന്‍ കനാദ്, അബ്ദുല്ല യഹ്യ യൂസഫ് അല്‍ ശിബ്ലി, മുഹമ്മദ് ബവാസിര്‍ എന്നിവരെയാണ് സൗദി അറേബ്യ സ്വീകരിച്ചത്. ആഭ്യന്തര യുദ്ധം രൂക്ഷമായതും അല്‍ ഖാഇദയുടെ സജീവ സാന്നിധ്യമുള്ളതും പരിഗണിച്ച് ഇവരെ യമനിലേക്ക് അയക്കാന്‍ ഒബാമ ഭരണകൂടം വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മാനുഷിക പരിഗണനയില്‍ സൗദി ഇവരെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമായത്.  സൗദിക്ക് പുറമേ, ഇറ്റലി, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കാണ് ഒടുവിലെ ബാച്ച് തടവുകാരെ കൈമാറിയത്.  

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.