വിദേശികള്‍ക്ക് സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാന്‍ നിയമഭേദഗതി നാല് മാസത്തിനകം -വാണിജ്യ മന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ ബിസ്നസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നിയമം നാല് മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി വ്യക്തമാക്കി. വാണിജ്യ നിയമാവലിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് വിദേശികള്‍ക്ക് സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാനുള്ള നിയമം അനുവദിക്കുക. നിലവില്‍ നടന്നുവരുന്ന ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കല്‍ ലക്ഷ്യമാക്കിയാണ് പുതിയ നിയമ ഭേദഗതി. നിശ്ചിത വിഹിതം ടാക്സ് ചുമത്തിക്കൊണ്ടായിരിക്കും വിദേശികള്‍ക്ക് സ്ഥാപനം നടത്താനുള്ള അനുമതി നല്‍കുക എന്നും വാണിജ്യ, നിക്ഷേപ മന്ത്രി വിശദീകരിച്ചു. 2017 രണ്ടാം പാദം അവസാനിക്കുന്നതിന് മുമ്പ് പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രാലയം പഠനം നടത്തിയിട്ടുണ്ടെന്നും ബിനാമി ഇടപാടുകളുടെ ദൂഷ്യത്തെക്കുറിച്ച് പഠനത്തില്‍ വ്യക്തമായതിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.സൗദിയില്‍ പുതുതായി ആരംഭിക്കുന്ന സമാന്തര വിപണി സംവിധാനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് വാണിജ്യ, നിക്ഷേപ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും. ദശലക്ഷക്കണക്കിന് റിയാലിന്‍െറ നിക്ഷേപം ആവശ്യമായ ഇന്‍വസ്റ്റ്മെന്‍റ് ലൈസന്‍സോടെയല്ലാതെ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്നത് സാമ്പത്തിക മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.