സൗദി വിജയം; മധ്യപൗരസ്ത്യ ദേശത്ത് ആഹ്ലാദം അവസാനിക്കുന്നില്ല

റിയാദ്: ലോകകപ്പിൽ ലയണൽ മെസ്സിയുടെ ആർജന്റീനക്കെതിരായ സൗദിയുടെ തകർപ്പൻ വിജയത്തിൽ അറബ് ലോകത്തും മധ്യപൗരസ്‌ത്യ മേഖലയിലും ആഹ്ലാദത്തിന്റെ അലയടി ഒടുങ്ങുന്നില്ല. ഒമ്പത് പതിറ്റാണ്ട് ദൈർഘ്യമുള്ള ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്റെ സന്തോഷ നിമിഷങ്ങൾ ആഘോഷിക്കാൻ നേതാക്കളും ഉന്നതരും ഫുട്‌ബാൾ പ്രേമികളോടൊപ്പം ചേർന്നു.

ഫുട്‌ബാൾ ആരാധകൻ നൽകിയ സൗദി പതാക പുഞ്ചിരിയോടെ കഴുത്തിൽ ചുറ്റി ജനക്കൂട്ടത്തിന് നേരേ കൈവീശുന്ന ഖത്തർ ഭരണാധികാരി അമീർ ശൈഖ് തമീം ബിൻ ഫഹദ് അൽ-താനിയുടെ വീഡിയോ കളി കഴിഞ്ഞതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സൗദി ഗ്രീൻ ഫാൽക്കൺസിനെ അഭിനന്ദിച്ച ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് സൗദി പ്രകടനത്തെ അൽ-മക്തൂം 'അർഹതയുള്ള വിജയം' എന്നാണ് വിശേഷിപ്പിച്ചത്.

അർജന്റീനക്കെതിരെ അട്ടിമറി വിജയം നേടിയ സൗദി അറേബ്യ ചരിത്രമാണ് സൃഷ്ടിച്ചതെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് അഭിപ്രായപ്പെട്ടു. സൗദി സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നതായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് അയച്ച അഭിനന്ദന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

സൗദിയുടെ വിജയം അറബ് നടുകളുടെ വിജയമായാണ് പല രാജ്യങ്ങളും ആഘോഷിച്ചത്. ഖത്തർ അമീർ, സൗദി കിരീടാവകാശി എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം 'നമ്മുടെ ഗൾഫ് ഒന്നാണ്' എന്ന ഹാഷ് ടാഗ് ഗൾഫ് മേഖലയിൽ വ്യാപകമായി ആളുകൾ ട്വീറ്റ് ചെയ്തു. യു.എസ്, യൂറോപ്പ്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, മധ്യ പൗരസ്ത്യ നാടുകൾ എന്നിവിടങ്ങളിലെ സാധാരണക്കാരായ ഫുട്‌ബാൾപ്രേമികൾ വളരെ ശക്തിയുള്ള ഒരു ടീമിനെ തോൽപിച്ച രാജ്യമെന്ന നിലയ്ക്ക് സൗദിയോട് ഇഷ്ടം ചൊരിയുന്ന സന്ദേശങ്ങളാണ് പ്രചരിപ്പിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗദിയിൽ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഇതുവരെയില്ലാത്ത ആഹ്ലാദത്തിന്റെ അലയടിയായിരുന്നു. 'നമ്മുടെ ഫാൽക്കണുകൾ നമ്മുടെ അഭിമാനം', 'എല്ലാവർക്കും മുന്നിലാണ് നമ്മുടെ ഹരിതാഭ' തുടങ്ങിയ ഹാഷ് ടാഗുകളിൽ ഫുട്‌ബാൾ താരങ്ങളുടെ ഫോട്ടോകൾക്കൊപ്പമായിരുന്നു സോഷ്യൽ മീഡിയ സന്ദേശങ്ങൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃഗുണം പ്രകടമായ വിജയമെന്ന് മതരംഗത്തെ ഉന്നതരടക്കം അഭിപ്രായപ്പെട്ടു.

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സൗദി ടെലികോം അടക്കമുള്ള നിരവധി കമ്പനികൾ ഓഫറുകളായി രംഗത്ത് വന്നിരുന്നു. വിജയദിനത്തിൽ വിവിധ വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശം സൗജന്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളുമുണ്ടായി. ഇന്ത്യക്കാരടമുള്ള പ്രവാസികളുടെ ആഹ്ലാദ പ്രകടനങ്ങൾ പല പ്രാദേശിക മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.