ഡമസ്കസിലെ പീപിൾസ് പാലസിൽ നടന്ന സൗദി-സിറിയ സംയുക്ത നിക്ഷേപ ധാരണപത്രം ഒപ്പിടൽ ചടങ്ങ്​

സൗദി-സിറിയ സഹകരണം പുതിയ ഉയരങ്ങളിലേക്ക്; ബില്യൺ ഡോളറി​ന്റെ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു

റിയാദ്​/ദമാസ്​കസ്​: സൗദി അറേബ്യയും സിറിയയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതി​​ന്റെ ഭാഗമായി ബില്യൺ ഡോളറുകൾ മൂല്യമുള്ള നിർണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സിറിയൻ പ്രസിഡൻറ്​ അഹമ്മദ് അൽഷറയുടെ സാന്നിധ്യത്തിൽ ഡമാസ്കസിലെ പീപ്പിൾസ് പാലസിൽ വെച്ചാണ് ചരിത്രപരമായ ഈ ധാരണപത്രങ്ങൾ കൈമാറിയത്.

പുതിയ വിമാന കമ്പനിയുടെ രൂപവത്​കരണം ഉൾപ്പെടെ വ്യോമയാനം, ടെലികമ്യൂണിക്കേഷൻ, അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്​റ്റേറ്റ് എന്നീ മേഖലകളിലായി അഞ്ചു പ്രധാന കരാറുകളാണ് ആദ്യഘട്ടത്തിൽ ഒപ്പുവെച്ചത്. സിറിയയിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും പ്രധാന പദ്ധതികൾക്കും കരുത്തുപകരാൻ ‘ഇലാഫ്’ എന്ന പേരിൽ പ്രത്യേക നിക്ഷേപ ഫണ്ട് ആരംഭിച്ചതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പ്രഖ്യാപിച്ചു. സൗദി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ ഫണ്ട്, സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും.

കഴിഞ്ഞ മാസങ്ങളിലായി നടന്ന ചർച്ചകളുടെ ഭാഗമായി ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള 80-ഓളം കരാറുകളിലാണ് ഇരുരാജ്യങ്ങളും ഇതിനകം ധാരണയിലെത്തിയത്. സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും പ്രധാന ബാങ്കുകൾ തമ്മിലുള്ള ബാങ്കിങ് ട്രാൻസ്ഫർ ചാനലുകൾ സജീവമാക്കി. നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്, കമ്യൂണിക്കേഷൻസ് മന്ത്രി അബ്​ദുല്ല അൽസവാഹ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സൗദി സംഘമാണ് ചടങ്ങിൽ പങ്കെടുത്തത്.

‘സൗദി അറേബ്യയുടെ ചരിത്രത്തിലെ നിർണായക ദിനമാണിത്. സിറിയയുടെ വളർച്ചയിലും സ്ഥിരതയിലും സൗദി അറേബ്യക്കുള്ള വിശ്വാസത്തി​​ന്റെ പ്രതിഫലനമാണ് ഈ പങ്കാളിത്തം.’ -സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. സിറിയയുടെ സാമ്പത്തിക വീണ്ടെടുപ്പിനും മേഖലയിലെ സ്ഥിരതയ്ക്കും ഈ പുതിയ പങ്കാളിത്തം വലിയ ചാലകശക്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Saudi-Syrian cooperation reaches new heights; billion-dollar investment deals signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.